
വിഴിഞ്ഞം: തീരദേശത്തിന് ആഹ്ളാദം പകർന്ന് ഫാ. തോമസ് നെറ്റോയുടെ ആർച്ച് ബിഷപ്പ് പദവി. ലത്തീൻ രൂപതയുടെ ആർച്ച് ബിഷപ്പ് പദവിയിലെത്തുന്ന പുതിയതുറയിൽ നിന്നുള്ള ആദ്യ വൈദികനാണ് ഫാ. തോമസ് നെറ്റോ.
തീർത്തും അപ്രതീക്ഷിതമായുണ്ടായ പ്രഖ്യാപനം തീരദേശ ഗ്രാമത്തിൽ ആഹ്ളാദത്തിരയായി. ടിവിയിലൂടെ കണ്ടാണ് വീട്ടുകാർ ഉൾപ്പെടെയുള്ളർ വിവരം അറിയുന്നത്. വിശ്വസിക്കാനാകാതെ ബന്ധുക്കളും നാട്ടുകാരും പരസ്പരം വിളിച്ച് വാർത്ത ശരിയാണോയെന്ന് അന്വേഷിച്ചു. പിന്നെ സഹോദരങ്ങളെ വിളിച്ച് അഭിനന്ദനങ്ങളും സന്തോഷവും പങ്കിട്ടു.
പുതിയതുറ പി.എം ഹൗസിൽ സ്റ്റെൻസിലാവോസ് നെറ്റോയുടെയും (ജസയൻ നെറ്റോ) ഇസബെല്ല നെറ്റോയുടെയും അഞ്ച് മക്കളിൽ നാലാമത്തെയാളാണ് ഫാ. തോമസ് നെറ്റോ. ഔസേഫ് നെറ്റോ, ലാൻസ് നെറ്റോ, സൈമൺ നെറ്റോ, ആൻഡ്രൂസ് നെറ്റോ എന്നിവരാണ് മറ്റ് മക്കൾ. സാധാരണ മത്സ്യത്തൊഴിലാളി കുടുംബത്തിൽ ജനിച്ച് ഹൈസ്കൂൾ വരെ വിദ്യാഭ്യാസം പൂർത്തിയാക്കിയ തോമസ് നെറ്റോയെ സെമിനാരിയിൽ ചേർക്കാൻ തീരുമാനിച്ചത് മൂത്ത സഹോദരനായ ഔസേഫ് നെറ്റോയാണ്.
മാതാപിതാക്കളുടെ പിന്തുണയോടെ പാളയത്തെ വിൻസെന്റ് സെമിനാരിയിൽ വൈദിക പഠനം ആരംഭിച്ചു. ആ ബാച്ചിൽ പഠനം പൂർത്തിയാക്കിയ ഏക വ്യക്തിയാണ് തോമസ് നെറ്റോയെന്ന് സഹോദരൻ പറഞ്ഞു. ദാരിദ്ര്യ സ്ഥിതിയിൽ വിദ്യാഭ്യാസം തുടരാൻ മറ്റ് സഹോദരങ്ങൾക്ക് കഴിഞ്ഞില്ലെങ്കിലും കുടുംബത്തിൽ ഏറ്റവും കൂടുതൽ വിദ്യാഭ്യാസം നേടിയത് ഫാ. തോമസ് നെറ്റോയാണ്. തിരുവനന്തപുരം അതിരൂപത ആർച്ച് ബിഷപ്പായി ഫാ. തോമസ് നെറ്റോ സ്ഥാനാരോഹണം ചെയ്ത സന്തോഷത്തിലാണ് കുടുംബവും തീരദേശവും.