
വിഴിഞ്ഞം: 'ഉച്ചയ്ക്ക് ശേഷം ഒരു ശുഭ വാർത്ത കേൾക്കാമെന്ന' ഫാ. തോമസ് നെറ്റോയുടെ വാക്കുകൾ എന്താണെന്നറിയാൻ ബന്ധുക്കൾ ആകാംക്ഷയിലായിരുന്നു. എങ്കിലും എന്താണെന്ന് ചോദിച്ചില്ല. വൈകിട്ടോടെ ആകാംക്ഷ ആഹ്ളാദത്തിരയായി മാറി.
ഇളയ സഹോദരൻ ആർച്ച് ബിഷപ്പായ പ്രഖ്യാപനം ടിവിയിലൂടെ അറിഞ്ഞശേഷം ഇത് പ്രതീക്ഷിച്ചിരുന്നില്ലെന്ന് സഹോദരൻ ഔസേഫ് നെറ്റോ പറഞ്ഞു. ഔസേഫിന്റെ ഭാര്യാമാതാവ് ഫ്രാൻസിസ് ഫിലോമിനയുടെ മരണാനന്തര ചടങ്ങിനായി പുതിയതുറ സെന്റ് നിക്കോളാസ് ചർച്ചിൽ കുടുംബാംഗങ്ങൾ ഒത്തുചേർന്നപ്പോഴാണ് ഫാ. തോമസ് നെറ്റോ ശുഭ വാർത്തയെക്കുറിച്ച് സൂചിപ്പിച്ചത്.
പള്ളിയിലെ പ്രാർത്ഥനാ ചടങ്ങുകൾക്ക് ശേഷം മറ്റൊരു സഹോദരനായ ലാറൻസ് നെറ്റോയുടെ വീട് സന്ദർശിച്ച് സഹോദരന്റെ മകൾക്ക് ഒരു വെബ്സൈറ്റ് അഡ്രസ് നൽകിയശേഷം വൈകിട്ട് ഒരു പൂജാ ചടങ്ങുണ്ട് ഇതിൽ കാണണം എന്ന് പറഞ്ഞു. പൂജാ ചടങ്ങുകൾ വീക്ഷിക്കുമ്പോഴാണ് അപ്രതീക്ഷിതമായ പ്രഖ്യാപനം വന്നതെന്ന് ഇവർ പറഞ്ഞു. തോമസ് നെറ്റോ ഒരു സാധാരണ കുട്ടിയായിരുന്നു. കുസൃതിക്കാരനുമല്ല. കൂടുതൽ വർണിച്ചു പറയാനുമില്ലെന്ന് സഹോദരൻ ലാറൻസ് നെറ്റോ പറഞ്ഞു.