
തിരുവനന്തപുരം: കെ.പി.സി.സിയുടെ അംഗീകാരമില്ലാതെ സംഘടനാ രൂപീകരിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ എം.പി പ്രസ്താവനയിൽ അറിയിച്ചു.
നേറ്റീവ് കോൺഗ്രസ് ബ്രിഗേഡ് (എൻ.സി.ബി), മഹിളാ കോൺഗ്രസ് ബ്രിഗേഡ് എന്നീ പേരുകളിൽ സംഘടനകൾ രൂപീകരിക്കുകയും വ്യാപകമായി പണപ്പിരിവ് നടത്തുകയും ചെയ്തിട്ടുണ്ട്. ഈ സംഘടനകൾക്ക് കെ.പി.സി.സിയുടെ അംഗീകാരമില്ല. കോൺഗ്രസ് പ്രവർത്തകരെ തെറ്റിദ്ധരിപ്പിച്ച് നേറ്റീവ് കോൺഗ്രസ് ബ്രിഗേഡ് സംഘടനയുടെ ഭാഗമാക്കാൻ ചില കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. കോൺഗ്രസിന്റെ പേര് ദുരുപയോഗം ചെയ്ത് സംഘടന രൂപീകരിക്കുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കും. ഇത്തരം ചതിക്കുഴികളിൽ പെട്ട് വഞ്ചിതരാകാതിരിക്കാനും പണം നഷ്ടപ്പെടാതിരിക്കാനും കോൺഗ്രസ് പ്രവർത്തകർ പ്രത്യേകം ശ്രദ്ധിക്കണം.
കോൺഗ്രസിന് ഔദ്യോഗികമായി സംഭാവന നൽകുന്നതിനായി 137 രൂപ ചലഞ്ച് എന്ന പദ്ധതി കെ.പി.സി.സി പ്രഖ്യാപിച്ചിട്ടുണ്ട്. അത് പ്രകാരം മാത്രമാണ് കെ.പി.സി.സി സംഭാവന ആവശ്യപ്പെട്ടിട്ടുള്ളതെന്നും കെ. സുധാകരൻ അറിയിച്ചു.