krail
k rail

റെയിൽവേ - കെ റെയിൽ സംയുക്ത പരിശോധനയ്‌ക്ക് മൂന്ന് മാസം

തിരുവനന്തപുരം: സിൽവർലൈൻ പദ്ധതിയെക്കുറിച്ചുള്ള കേന്ദ്രസർക്കാരിന്റെ സംശയങ്ങൾ ദക്ഷിണ റെയിൽവേയും കെ-റെയിലും നടത്തുന്ന സംയുക്ത പരിശോധനയിൽ പരിഹരിക്കും. അലൈൻമെന്റ് പ്ലാൻ, റെയിൽവേ ഭൂമിയുടെയും സ്വകാര്യ ഭൂമിയുടെയും കണക്ക്, നിലവിലുള്ള ക്രോസിംഗുകൾ, ബാധിക്കുന്ന റെയിൽവേ ഭൂമി തുടങ്ങിയ സാങ്കേതിക കാര്യങ്ങളിലാണ് കേന്ദ്രം അവ്യക്തത ചൂണ്ടിക്കാട്ടുന്നത്. സംയുക്ത പരിശോധനയിൽ വ്യക്തത വരുന്നതോടെ, പദ്ധതിയുടെ സാമ്പത്തിക സാദ്ധ്യതയും പരിശോധിക്കാനാവും..

സംയുക്ത പരിശോധന

റെയിൽവേയുടെ 185ഹെക്ടർ ഭൂമിയാണ് ഏറ്റെടുക്കേണ്ടത്. ഭൂമി വിലയായ 975 കോടി റെയിൽവേയുടെ വിഹിതമായി കണക്കാക്കും. ഏറ്റെടുക്കുന്ന റെയിൽവേ ഭൂമിയിൽ അതിരടയാള കല്ലുകൾ സ്ഥാപിക്കാൻ റെയിൽവേ ബോർഡ് ചെയർമാനും ചീഫ്സെക്രട്ടറിയുമായി ഡിസംബർ ആറിന് നടത്തിയ ചർച്ചയിൽ തീരുമാനമായിരുന്നു. ഇതിനു മുന്നോടിയായി റെയിൽവേ, കെ-റെയിൽ അധികൃതർ അലൈൻമെന്റിൽ സംയുക്ത പരിശോധനയും തീരുമാനിച്ചു. കേരളത്തിൽ കൊവിഡ് കാരണം റെയിൽവേ ഉദ്യോഗസ്ഥർ സൈറ്റ് ഇൻസ്‌പെക്‌ഷന് എത്തിയില്ല. രോഗവ്യാപനം കുറഞ്ഞാൽ സംയുക്ത പരിശോധന ആരംഭിക്കും. എത്രത്തോളം റെയിൽവേ ഭൂമി ഏറ്റെടുക്കണമെന്ന് കണ്ടെത്തണം. അത് ദക്ഷിണ റെയിൽവേയും റെയിൽവേ ബോർഡും അംഗീകരിക്കണം. പരിശോധന, വെരിഫിക്കേഷൻ, റെയിൽവേ അനുമതി എന്നിവയ്ക്ക് മൂന്നു മാസമെടുക്കും. വടക്കൻ ജില്ലകളിലാണ് കൂടുതൽ റെയിൽവേ ഭൂമി ഏറ്റെടുക്കേണ്ടത്.

അനുമതി നൽകില്ലെന്ന്

പറഞ്ഞിട്ടില്ല: കെ-റെയിൽ

പദ്ധതിക്ക് അനുമതി നൽകില്ലെന്ന് കേന്ദ്രം പറഞ്ഞിട്ടില്ലെന്നും, പദ്ധതി റിപ്പോർട്ടിൽ സംശയങ്ങൾ ഉന്നയിക്കുന്നത് സ്വാഭാവികമാണെന്നും കെ-റെയിൽ. ഡി.പി.ആർ സമ്പൂർണവും, റെയിൽവേ മന്ത്രാലയത്തിന്റെ പരിശോധനയിലുമാണ്. കേന്ദ്രത്തിന്റെ സംശയങ്ങൾക്ക് കെ-റെയിൽ മറുപടി നൽകും. ഏറ്റെടുക്കേണ്ട സ്വകാര്യ ഭൂമിയുടെ വിശദാംശങ്ങൾ മനസിലാക്കാനാണ് സാമൂഹികാഘാത പഠനം. പദ്ധതി ജനങ്ങളെ എങ്ങനെ ബാധിക്കുമെന്ന് അതിൽ വ്യക്തമാകും. പാത പോകുന്ന 11ജില്ലകളിലും ഇതിന് വിജ്ഞാപനമായി. റെയിൽവേ പദ്ധതികൾക്ക് പാരിസ്ഥിതികാനുമതി വേണ്ട. അതിനാൽ പാരിസ്ഥിതിക പഠന റിപ്പോർട്ട് കേന്ദ്രത്തിന് സമർപ്പിക്കേണ്ടതില്ല. പദ്ധതിക്ക് വിദേശവായ്പ തേടി കേന്ദ്രത്തിന് കെ-റെയിൽ അപേക്ഷ നൽകിയിട്ടുണ്ട്. അന്തിമാനുമതി ലഭിച്ചതായി കെ-റെയിൽ പറഞ്ഞിട്ടില്ല. തത്വത്തിലുള്ള അനുമതിയുടെ അടിസ്ഥാനത്തിലുള്ള

പ്രീ ഇൻവെസ്​റ്റ്മെന്റ് നടപടികളാണ് നടക്കുന്നത്.