വിഴിഞ്ഞം: പഞ്ചായത്ത് പരിധിയിലെ പൊതുജലാശയങ്ങളുടെ ശുചീകരണവും സംരക്ഷണവും ലക്ഷ്യമിട്ട് വെങ്ങാനൂർ പഞ്ചായത്ത് നടപ്പിലാക്കുന്ന തെളിനീർ പദ്ധതിക്ക് തുടക്കമായി. ലോകതണ്ണീർത്തട ദിനത്തിൽ രാവിലെ 8ന് വെള്ളായണി കായലിലെ കടവിൽ വച്ച് പദ്ധതി ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ.എസ്. ശ്രീകുമാർ നിർവഹിച്ചു. 2023 ഓടെ പഞ്ചായത്തിലെ മുഴുവൻ ജലാശയങ്ങളും ശുചീകരിച്ച് മനോഹരമായി സംരക്ഷിക്കുമെന്ന് പ്രസിഡന്റ് അറിയിച്ചു. വെള്ളായണി കായലും പതിനെട്ടോളം പൊതുകുളങ്ങളും, പതിനഞ്ചോളം തോടുകളും, നിരവധി നീരുറവകളും പഞ്ചായത്തിലുണ്ട്. പദ്ധതിയിൽ ഹരിത കേരളം മിഷൻ, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പരിപാടി, പരിസ്ഥിതി സംഘടനകൾ, റസിഡന്റ്സ് അസോസിയേഷനുകൾ, സർക്കാർ സ്ഥാപനങ്ങൾ, ചെറുകിട ജലസേചന വകുപ്പ് തുടങ്ങിയവരുടെ പങ്കാളിത്തവും ഉറപ്പാക്കിയിട്ടുണ്ട്. ഉദ്ഘാടന പരിപാടിയിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് റാണി വത്സലൻ, വികസനകാര്യ ചെയർമാൻ ജി. സുരേന്ദ്രൻ, വാർഡ് അംഗം അഷ്ടബാലൻ തുടങ്ങിയവർ പങ്കെടുത്തു,