
തിരുവനന്തപുരം: വൈദിക സേവനത്തിന്റെ 32-ാം വാർഷികത്തിലെത്തി നിൽക്കുമ്പോഴാണ് ശാരീരിക അവശതകൾ മൂലം ആർച്ച് ബിഷപ്പ് ഡോ.സൂസപാക്യം തന്റെ കർമ്മപഥത്തിൽ നിന്ന് വിടവാങ്ങുന്നത്. ശ്രേഷ്ഠമായ വൈദിക പ്രവർത്തനങ്ങളിലൂടെ സഭാംഗങ്ങളുടെ ഹൃദയത്തിൽ സ്ഥാനം പിടിച്ചിട്ടുള്ള അദ്ദേഹത്തിന്റെ വിടവാങ്ങൽ പ്രസംഗം തീർത്തും വികാരപരവും ഒപ്പം സൗമ്യവുമായിരുന്നു.
ആഗ്രഹിച്ചതിന്റെ ഒരു അംശം പോലും തനിക്ക് നിറവേറ്റാൻ കഴിഞ്ഞിട്ടില്ലെന്ന് പറഞ്ഞാണ് അദ്ദേഹം സംസാരം തുടങ്ങിയത്.
'പ്രതീക്ഷയ്ക്കൊത്ത് ഉയരാൻ സാധിച്ചില്ലെന്ന് എളിമയോടെ അംഗീകരിക്കുന്നു. എന്റെയോ നിങ്ങളുടെയോ വിലയിരുത്തലല്ല പ്രധാനം, എന്റെ കഴിവുകൾ ദൈവത്തിനറിയാം. ആ വിലയിരുത്തലിന് എന്നെ ഞാൻ വിട്ടുകൊടുക്കുന്നു.
ഒരാൾ വിരമിക്കുമ്പോൾ ഇല്ലാത്തത് ഉണ്ടാക്കി പറയുന്ന പതിവുണ്ട്. അതിന് ആഗ്രഹമില്ല. 32 കൊല്ലം സഹകരിച്ച, വിമർശിച്ച എല്ലാവരെയും സ്നേഹത്തോടെ ഓർക്കുന്നു' സൂസപാക്യം പറഞ്ഞു.
സഹായ മെത്രാൻ ഡോ. ക്രിസ്തുദാസിനോടുള്ള നന്ദി അറിയിക്കുന്നതായും അദ്ദേഹം പറഞ്ഞു. 'ശാരീരിക മാനസിക അവശതകളും അധിക ചുമതല ഏറ്റെടുക്കേണ്ടതിന്റെ സംഘർഷവും മേലധികാരികളെ അറിയിച്ചിരുന്നു. ഉത്തരവാദിത്വങ്ങളിൽ നിന്ന് മാറാൻ ആഗ്രഹം പ്രകടിപ്പിച്ചു. എന്നാൽ സഹായ മെത്രാനെ സഭ എനിക്കായി നിയോഗിച്ചു. സ്തുത്യർഹമായ രീതിയിൽ അദ്ദേഹം ചുമതല നിർവഹിച്ചു ' സൂസപാക്യം പറഞ്ഞു.