തിരുവനന്തപുരം: നഗരസഭ ആസ്ഥാനത്തെ മൾട്ടി ലെവൽ കാർ പാർക്കിംഗ് കേന്ദ്രത്തിൽ സൗജന്യ പാർക്കിംഗ് വിവാദത്തിൽ.നഗരസഭ ആസ്ഥാനത്തെ മൾട്ടി ലെവൽ കാർ പാർക്കിംഗ് കേന്ദ്രത്തിൽ ജീവനക്കാർക്കും കൗൺസിലർമാർക്കും സൗജന്യ പാർക്കിംഗ് അനുവദിക്കാൻ തീരുമാനിച്ചത് കോർപറേഷൻ സെക്രട്ടറി തയ്യാറാക്കിയ നിർദേശങ്ങൾക്ക് വിരുദ്ധമായെന്നാണ് ആക്ഷേപം.പാർക്കിംഗ് കേന്ദ്രത്തിന്റെ സേവനം സ്ഥിരമായി ഉപയോഗിക്കുന്ന ജീവനക്കാരിൽ നിന്ന് പ്രതിമാസം 300 രൂപ ഈടാക്കണമെന്നും ഇതിനായി പ്രത്യേക പാസ് നൽകണമെന്നുമായിരുന്നു സെക്രട്ടറിയുടെ ശുപാർശ. ജീവനക്കാരുടെ ഇടത് യൂണിയന്റെ സമ്മർദ്ദത്തിന് വഴങ്ങി സെക്രട്ടറിയുടെ നിർദേശത്തെ ധനകാര്യ സമിതിയിൽ പൂഴ്ത്തിയെന്നാണ് ആക്ഷേപം.പാർക്കിംഗ് കേന്ദ്രത്തിലേക്ക് പൊതുജനങ്ങളെ ആകർഷിക്കാൻ ആദ്യ അര മണിക്കൂർ സൗജന്യ പാർക്കിംഗ് അനുവദിക്കണമെന്ന് മുൻ ഭരണസമിതിയുടെ കാലത്ത് നൽകിയ ശുപാർശയും വെട്ടിനിരത്തി.അന്തിമഘട്ടത്തിൽ 40 ശതമാനം പാർക്കിംഗ് സൗജന്യമായി ജീവനക്കാർക്കും കൗൺസിലർമാർക്കും, 60 ശതമാനം പൊതുജനങ്ങൾക്കുമെന്നാണ് നിർദ്ദേശം. സൗജന്യ പാർക്കിംഗിൽ ജീവനക്കാർ 10.30ന് മുൻപ് പാർക്ക് ചെയ്തില്ലെങ്കിൽ പാർക്കിംഗ് ഫീസ് നൽകണം. എന്നാൽ കൗൺസിലർമാർക്ക് ഇത് ബാധകമല്ല. വിവാദത്തിൽ മേയറും യൂണിയന്റെ പക്ഷത്താണ്. സെക്രട്ടറി നൽകിയ ഉപയോഗപ്രദമായ ശുപാർശ മേയറും യൂണിയനും ഇടപ്പെട്ട് വെട്ടിനിരത്തിയതിൽ വ്യാപക പ്രതിഷേധമാണ്.
പാർക്കിംഗ് കേന്ദ്ര നടത്തിപ്പ് കരാർ നൽകാനാണ് നഗരസഭയുടെ തീരുമാനം. അതുവരെ വൈദ്യുതി, വെള്ളം തുടങ്ങിയ ചെലവുകൾ കോർപ്പറേഷൻ വഹിക്കണം. വാർഷിക അറ്റകുറ്റപ്പണി ഇനത്തിൽ ഒന്നര കോടി രൂപ നിർമാണക്കമ്പനിക്ക് അടുത്ത 10 വർഷം നൽകണം. നടത്തിപ്പ് ചെലവായി കോടികളാണ് പ്രതിമാസം ചെലവാക്കേണ്ടത്. സൗജന്യം അനുവദിക്കുമ്പോൾ ഈ ചെലവുകൾ പൊതുജനത്തിന്റെ നികുതിപ്പണത്തിൽ നിന്ന് ചെലവാക്കേണ്ടി വരുമെന്നാണ് ആശങ്ക.കഴിഞ്ഞ ദിവസം പാർക്കിംഗ് കേന്ദ്രത്തിന്റെ കേബിളുകൾ എലി കരണ്ടത് കാരണം പ്രവർത്തനം ഭാഗികമായി തടസപ്പെട്ടു. നിർമ്മാണ കമ്പനി ഉദ്യോഗസ്ഥരെത്തി പ്രശ്നം താത്കാലികമായി പരിഹരിച്ചെങ്കിലും ശാശ്വത പരിഹാരം കാണാനായിട്ടില്ല.