general

ബാലരാമപുരം: ബാലരാമപുരത്ത് അനധികൃത പാർക്കിംഗ് കാരണം ജനം പൊറുതിമുട്ടുന്നു. ജില്ലയിൽ തന്നെ അത്യധികം തിരക്കേറിയതും നൂറുകണക്കിന് വാഹനങ്ങൾ മിനിട്ടുകൾ കൊണ്ട് പാർക്ക് ചെയ്യുന്ന വാണിജ്യനഗരമാണ് ബാലരാമപുരം. നാല് റോഡുകൾ സംഗമിക്കുന്ന ബാലരാമപുരം കവലയിൽ കാട്ടാക്കട റോഡിലാണ് പാർക്കിംഗ് കൂടുതൽ ഗതാഗതതടസ്സം സൃഷ്ടിക്കുന്നത്. റോഡിനിരുവശങ്ങളിലും ഇരുചക്രവാഹനങ്ങളുടെ നീണ്ടനിരയാണ്. സാധനം വാങ്ങാനെന്ന വ്യാജേന റോഡരികിൽ വാഹനം പാർക്ക് ചെയ്ത് മടങ്ങുന്നവർ മണിക്കൂറുകൾ കഴിഞ്ഞാലും തിരികെ എത്താറില്ല. വാഹനങ്ങളുടെ നീണ്ടനിരയാകുന്നതോടെ കാട്ടാക്കട റോഡ് ഗതാഗതക്കുരുക്കിലമരും. താരതമ്യേന വീതികുറഞ്ഞ റോഡും പൊട്ടിപ്പൊളിഞ്ഞ ഓടയും വഴിയാത്രക്കാർക്ക് പോലും നടക്കാൻ കഴിയാത്ത അവസ്ഥയാണ്. വിഴിഞ്ഞം റോഡിൽ ബസ് സ്റ്റോപ്പിന് സമീപത്തെ സ്ഥിതി ഇതു തന്നെയാണ്. തൊട്ട് സമീപമാണ് പൊലീസ് എയിഡ് പോസ്റ്റ് സ്ഥിതിചെയ്യുന്നത്. അനധികൃത പാർക്കിംഗ് നിയന്ത്രിക്കാൻ പൊലീസിന്റെ ഭാഗത്ത് നിന്ന് നടപടിയില്ലെന്ന് ആക്ഷേപമുയർന്നിട്ടുണ്ട്.

കൊവിഡ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും ബാലരാമപുരം തിരക്കിന്റെ പറുദീസ തന്നെയാണ്. അണ്ടർപ്പാസേജ്,​ ഫ്ലൈഓവർ ഉൾപ്പെടെയുള്ള ജംഗ്ഷൻ വികസനം തുലാസിലായതോടെ കാലങ്ങളായുള്ള ഗതാഗതക്കുരുക്ക് വീണ്ടും വെല്ലുവിളിയായി മാറി.

പാർക്കിംഗ് ഏരിയാ വിജനം

കൊടിനട കച്ചേരിക്കുളത്തിന് സമീപം പാർക്കിംഗ് ഏരിയയ്ക്ക് പഞ്ചായത്ത് സ്ഥലം വിട്ടുനൽകിയെങ്കിലും ഒരു വാഹനവും ഇവിടെ പാർക്ക് ചെയ്യാറില്ല. പഞ്ചായത്ത് മുൻ പ്രസിഡന്റും നിലവിൽ വാർഡ് മെമ്പറുമായ എം. രവീന്ദ്രൻ ആയിരുന്നു അന്ന് പാർക്കിംഗ് ഏരിയയ്ക്ക് സ്ഥലം അനുവദിച്ച് നൽകിയത്. ദേശീയപാതയിൽ കൊടിനട ഭാഗത്തും അനധികൃത പാർക്കിംഗും വർദ്ധിച്ചിട്ടുണ്ട്. തൊട്ട് സമീപം പാർക്കിംഗ് ഏരിയാ ഉണ്ടായിരുന്നിട്ട് പോലും ഒരു വാഹനം പോലും പാർക്ക് ചെയ്യാൻ ആരും മുന്നോട്ടുവരുന്നില്ലെന്നതാണ് മറ്റൊരു വസ്തുത. നിലവിൽ യാതൊരുവിധ ഫീസും ഈടാക്കാതെയാണ് പാർക്കിംഗിനായി പഞ്ചായത്ത് സ്ഥലം വിട്ടുനൽകിയിരിക്കുന്നത്.