
മുടപുരം: ചിറയികീഴ് താലൂക്കിലെ പ്രമുഖ പുരാതന ക്ഷേത്രങ്ങളിൽ ഒന്നായ മുടപുരം തെങ്ങുംവിള ഭഗവതി ക്ഷേത്രത്തിലെ ഉത്സവ ദൂതുമായി മാനുഷം തെണ്ടിയിറങ്ങി. നൂറ്റാണ്ടുകളായി ക്ഷേത്രത്തിലെ പ്രസിദ്ധമായ കുംഭ - ഭരണി മഹോത്സവത്തിന്റെ തുടക്കം അറിയിച്ചുകൊണ്ട് ഭഗവതിയുടെ പ്രതിനിധികൾ കരക്കാരുടെ ഭവനങ്ങൾ സന്ദർശിക്കുന്ന ചടങ്ങാണിത്. പണ്ട് ഉത്സവ കൊടിയേറ്റിന് മുൻപ് തന്നെ ക്ഷേത്രത്തിന് സമീപമുള്ള നോക്കെത്താ ദൂരത്തോളം പരന്നുകിടക്കുന്ന നെൽപ്പാടങ്ങളിൽ കൊയ്‌ത്ത് കഴിഞ്ഞിരിക്കും.
ഉത്സവം അറിയിക്കാൻ മറ്റു മാർഗങ്ങളില്ലാതിരുന്ന അക്കാലത്ത്, മാനുഷങ്ങളായിരുന്നു (മനുഷ്യൻ തെണ്ടി) ഉത്സവ ദൂതുമായി ഭവന സന്ദർശനം നടത്തിയിരുന്നത്. ക്ഷേത്രത്തിന് ചുറ്റുമുള്ള എല്ലാ കരകളിലെയും വീടുകൾ സന്ദർശിച്ചു ഉത്സവം അറിയിക്കുകയും, നാട്ടുകാർ ഉത്സവത്തിന് കരുതിവച്ചിട്ടുള്ള ധാന്യം ശേഖരിച്ച് ക്ഷേത്രത്തിൽ എത്തിച്ചിരുന്നതും ഇവരായിരുന്നു.
പട്ടും കുടയും ചൂടി, ഭഗവതിയുടെ ചിലമ്പും തൃശൂലവും അണിഞ്ഞ് പ്രസാദവുമായെത്തുന്ന മാനുഷത്തെ തികഞ്ഞ ഭക്തിയാദരങ്ങളോടെയാണ് നാട്ടുകാർ സ്വീകരിക്കുന്നത്. നൂറ്റാണ്ടുകളായുള്ള ഈ ചടങ്ങ് ഇപ്പോഴും തുടരുന്നു. ഇന്നലെ രാവിലെ പ്രത്യേക പൂജകൾക്ക് ശേഷം നാട്ടുകാർക്ക് സമർപ്പിക്കാനുള്ള ദേവിയുടെ പ്രസാദം ക്ഷേത്രം മേൽശാന്തി മനോജ് നമ്പൂതിരി മാനുഷങ്ങൾക്ക് കൈമാറി. മുടപുരം, പുത്തൻവിള വീട്ടിൽ മോഹനൻ (66), പുളിയറക്കോണത്ത് വീട്ടിൽ കൃഷ്ണൻകുട്ടി (70) എന്നിവരാണ് ഇക്കുറി മാനുഷ നിയോഗം ലഭിച്ചവർ. ക്ഷേത്രത്തിൽ പൂക്കട നടത്തുന്ന ബാബുവിന്റെ മകൻ സുഭാഷ് (32), മദനൻ (63) എന്നിവർ സഹായികളായി അനുഗമിക്കും. ഇതിൽ ക്ഷേത്ര ജീവനക്കാരനായ മോഹനൻ പതിനൊന്നാം തവണയും കൃഷ്ണൻക്കുട്ടി മൂന്നാം തവണയും, മദനൻ നാലാം തവണയും സുബാഷ് കന്നിക്കാരനുമാണ്.