കാട്ടാക്കട: കാട്ടാക്കടയിൽ ഓടിക്കൊണ്ടിരുന്ന ബസിന്റെ ചില്ല് തകർന്നു. കാട്ടാക്കട ഡിപ്പോയിലെ ആർ.എ.സി 333 നമ്പർ ബസാണ് അപകടത്തിൽപ്പെട്ടത്. ബുധനാഴ്ച ഉച്ചയ്ക്ക് 3.30തോടെ കാട്ടാക്കട തിരുവനന്തപുരം റോഡിൽ വച്ചാണ് സംഭവം. തിരുവനന്തപുരത്ത് നിന്ന് കോട്ടൂർ ഭാഗത്തേക്ക് പോവുകയായിരുന്ന ഫാസ്റ്റ് പാസഞ്ചർ ബസിന്റെ മുൻവശത്തെ ചില്ലാണ് വലിയ ശബ്ദത്തോടെ പൊട്ടി വീണത്.

മുന്നിലോ പിന്നിലോ വേറെ വാഹനങ്ങളൊന്നും ഇല്ലായിരുന്നു. ആരും ആക്രമിച്ചതായും ശ്രദ്ധയിൽപ്പെടുകയോ ഓട്ടത്തിനിടെ മരച്ചില്ലകൾ ഒടിഞ്ഞു പതിക്കുകയോ ചെയ്യാതിരുന്നിട്ടും ചില്ലു പൊട്ടിയത് ആളുകളെ പരിഭ്രാന്തരാക്കി.

തുടർന്ന് നാട്ടുകാർ ഉൾപ്പെടെ നടത്തിയ പരിശോധനയിൽ ചില്ല് തനിയെ പൊട്ടിയതാകാനാണ് സാദ്ധ്യതയെന്ന നിഗമനത്തിലെത്തി. ബസ് പിന്നീട് ഡിപ്പോയിലേക്ക് മാറ്റി. കാട്ടാക്കടയിൽ നിന്ന് ഫയർഫോഴ്സെത്തി റോഡിൽ ചിതറിക്കിടന്ന ചില്ലുകൾ നീക്കം ചെയ്തു.