
തിരുവനന്തപുരം: സംസ്ഥാനത്ത് ഓട്ടോറിക്ഷ - ടാക്സി യാത്രാനിരക്ക് ജനുവരി 30ന് മുമ്പ് വർദ്ധിപ്പിച്ച് നൽകുമെന്ന് പറഞ്ഞ ഗതാഗതമന്ത്രി ആന്റണി രാജു അത് ചെയ്യാതെ തൊഴിലാളികളെ വഞ്ചിക്കുകയാണെന്ന് കേരള സ്‌റ്റേറ്റ് പ്രൈവറ്റ് മോട്ടോർ തൊഴിലാളി ഫെഡറേഷൻ (എ.ഐ.ടി.യു.സി) സംസ്ഥാന സെക്രട്ടറി പട്ടം ശശിധരൻ പ്രസ്താവിച്ചു.
ജസ്റ്റിസ് രാമചന്ദ്രൻ കമ്മിഷനെക്കൊണ്ട് പഠിച്ച് റിപ്പോർട്ട് വാങ്ങിയ ശേഷം ചാർജ് വർദ്ധിപ്പിക്കാമെന്നാണ് കഴിഞ്ഞ ട്രേഡ് യൂണിയൻ സംയുക്ത ചർച്ചയിൽ തീരുമാനമെടുത്തത്. അതിന്റെ അടിസ്ഥാനത്തിൽ യൂണിയനുകൾ നടത്താൻ നിശ്ചയിച്ചിരുന്ന സൂചനാ പണിമുടക്ക് മാറ്റിവയ്ക്കുകയുണ്ടായി. വീണ്ടും അനശ്ചിതകാല പണിമുടക്ക് അനിവാര്യമായിരിക്കുകയാണ്. അടിയന്തരമായി ഓട്ടോറിക്ഷ- ടാക്സി യാത്രാനിരക്ക് പുതുക്കി നിശ്ചയിക്കണമെന്നും പണിമുടക്ക് ഒഴിവാക്കണമെന്നും ഇടതുമുന്നണി സർക്കാർ തൊഴിലാളികളോട് നീതി ഉറപ്പാക്കണമെന്നും പട്ടം ശശിധരൻ അഭ്യർത്ഥിച്ചു.