
സ്പീക്കർക്ക് കത്ത്
തിരുവനന്തപുരം:സിൽവർ ലൈൻ ഡി. പി. ആറിൽ പദ്ധതിയുടെ അടിസ്ഥാന വിവരങ്ങൾ പോലും ഇല്ലെന്ന് കാട്ടി കോൺഗ്രസ് എം.എൽ.എ അൻവർ സാദത്ത് സ്പീക്കർ എം.ബി. രാജേഷിന് കത്ത് നൽകി.
നിയമസഭയിൽ തന്റെ ചോദ്യത്തിനുള്ള ഉത്തരമായി വിശദ പദ്ധതി റിപ്പോർട്ടിന്റെ പകർപ്പ് ലഭ്യമാക്കി. ഒരു വലിയ പദ്ധതിയുടെ ഡി.പി.ആർ ഇങ്ങനെ തയാറാക്കുമെന്ന് വിശ്വസിക്കാനാവില്ല. ഡി.പി.ആർ പകർപ്പ് എന്ന പേരിൽ അപൂർണമായ വിവരങ്ങൾ ലഭ്യമാക്കിയത് പരിശോധിക്കണം. ഡി.പി.ആറിൽ കൂടുതൽ വിവരങ്ങൾ ഉൾപ്പെടുന്നെങ്കിൽ അതും ലഭ്യമാക്കി സാമാജികനെന്ന നിലയിലുള്ള അവകാശം സംരക്ഷിക്കണം.
അലൈൻമെന്റ് ഡ്രോയിംഗിൽ 115കിലോമീറ്റർ വരെയുള്ള ട്രാക്കിന്റെ വിവരങ്ങൾ മാത്രമാണുള്ളത്. 115 മുതൽ 530കി. മീ. വരെയുള്ള ഡ്രോയിംഗ് ഇല്ല. പല സ്റ്റേഷനുകളഉടെയും പൂർണമായ ഡേറ്റയില്ല. ഏത് പദ്ധതിയുടെയും ഡി. പി. ആറിൽ സൂക്ഷ്‌മ വിശദാംശങ്ങൾ വരെ വേണമെന്നിരിക്കെ, സിൽവർ ലൈനിന്റെ സാങ്കേതിക, സാമ്പത്തിക, ശാസ്ത്രീയ ഘടകങ്ങളൊന്നും ഇതിൽ സമഗ്രമായി പ്രതിപാദിച്ചിട്ടില്ലെന്നും അൻവർ സാദത്ത് ചൂണ്ടിക്കാട്ടി.