ആര്യനാട്: ആര്യനാട് പഞ്ചായത്തിലെ കോട്ടയ്ക്കകം ചൊക്കം തീനിക്കടവിന് കുറുകെ തൂക്കുപാലം യാഥാർത്ഥ്യമാകുന്നില്ല. ആര്യനാട്പഞ്ചായത്തിലെ കോട്ടയ്ക്കകം - ഈഞ്ചപ്പുരി വാർഡുകളെതമ്മിൽ ബന്ധിപ്പിക്കുന്ന തൂക്ക് പാലത്തിന്റെ നിർമ്മാണമാണ് കടലാസ്സിലൊതുങ്ങിയത്. പഞ്ചായത്തിലെ മൈലമൂട്, കണിയൻവിളാകം, ചെറുമഞ്ചൽ, കൊടുങ്കന്നി, ഈഞ്ചപ്പുരി മേഖലയിലെ പ്രദേശവാസികൾ വിവിധ ആവശ്യങ്ങൾക്കായി കോട്ടയ്ക്കകത്തും ആര്യനാട്ടും എത്താനുള്ള എളുപ്പമാർഗ്ഗം കൂടിയാണിത്. ഇപ്പോൾ കടത്ത് വള്ളത്തെയാണ് പ്രദേശവാസികൾ ആശ്രയിക്കുന്നത്.
രാവിലെ ഏഴ് മണി മുതൽ വൈകീട്ട് അഞ്ച് മണി വരെ മാത്രമേ കടത്തുള്ളൂ. കരമനയാറ്റിൽ നീരൊഴുക്ക് വർദ്ധിക്കുകയോ, വള്ളം പണിമുടക്കുകയോ ചെയ്താൽ ഇരുകരകളിലും എത്തുകയെന്നത് ദുഷ്കരമാകും. തുടർന്ന് ആര്യനാട്ട് എത്തിച്ചേരണമെങ്കിൽ കൊക്കോട്ടേല, അണിയിലക്കടവ് വഴി കിലോമീറ്ററുകൾ യാത്ര ചെയ്യണം. ആര്യനാട് സ്കൂളിൽ പഠിക്കാനെത്തുന്നവിദ്യാർത്ഥികൾകളുടെ അവസ്ഥയും ഇത്
തന്നെ.
വകമാറ്റി ഫണ്ട്
തൂക്കുപാലത്തിന്റെ നിർമ്മാണത്തിനായി ജില്ലാപഞ്ചായത്തും എം.പി ഫണ്ടും പഞ്ചായത്ത് പണ്ടും ചേർത്ത് 53 ലക്ഷം രൂപയുടെ പദ്ധതിയാണ് തയാറാക്കിയത്. എന്നാൽ മുൻപത്തെ പഞ്ചായത്ത് ഭരണസമിതിയുടെ 33 ലക്ഷം രൂപമാത്രമാണ് ലഭിച്ചത്. പഞ്ചായത്തിന്ഫണ്ട് വിനിയോഗിക്കാനായി ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരവും ലഭിച്ചു.പഞ്ചായത്ത് ഫണ്ടിൽ പാലംനിർമ്മിക്കാനും, ഇരുകരകളിലായി പാലം ഉറപ്പിച്ച് നിറുത്തുന്നതിനായി സംരക്ഷണഭിത്തി നിർമ്മിക്കുന്നതിന് മറ്റ് രണ്ട് ഫണ്ട് കണ്ടെത്താമെന്നായിരുന്നു കണക്കുകൂട്ടൽ. എന്നാൽ ഈ ഫണ്ട് കിട്ടാതായതോടെ പാലംപണി അവതാളത്തിലായി.തുടർന്ന് വന്ന പഞ്ചായത്ത് ഭരണസമിതിക്കും കൂടുതൽ തുക അനുവദിക്കാനായില്ല. കഴിഞ്ഞ ഭരണസമിതി അനുവദിച്ച തുക തുടർന്ന് വന്ന ഭരണസമിതി രണ്ട് വർഷക്കാലവും പദ്ധതിയിൽ വകയിരുത്തി. എന്നിട്ടും അധികതുക കണ്ടെത്താനാകത്തതോടെ ഫണ്ട് വകമാറ്റി ചെലവഴിച്ചു. ഇതോടെ പാലം നിർമ്മാണം അനിശ്ചിതത്വത്തിലായി.
നടപ്പാലമെങ്കിലും വേണം
പാലം വന്നില്ലെങ്കിൽ ആറ്റിന് കുറുകെ നടപ്പാതയെങ്കിലും ഒരുക്കണമെന്നതാണ് നാട്ടുകാരുടെ ആവശ്യം. കാർഷികോത്പന്നങ്ങൾ വിൽക്കാനായി വരുന്ന കർഷകർക്ക് ആര്യനാട് ചന്തയിൽ എത്തണമെങ്കിൽ വലിയതുകയാണ് വണ്ടിക്കൂലി ഇനത്തിൽ നൽകേണ്ടിവരുന്നത്. ഇത് കാരണം കാർഷികവിളകൾ പുറത്ത് നിന്ന് എത്തുന്നവർക്ക് മതിപ്പ് വിലയ്ക്ക് നൽകുകയാണ് പതിവ്. അതിനാൽ ന്യായവില പലപ്പോഴും ലഭിക്കാറില്ല. നടപാലംവന്നാൽ ഇതിന് പരിഹാരമാകുമെന്ന് കർഷകർ പറയുന്നു