k-surendran

തിരുവനന്തപുരം:കെ റെയിലിന് കോൺഗ്രസ് എതിരല്ലെന്ന കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്റെ പ്രസ്താവന ജനങ്ങളെ പിന്നിൽ നിന്ന് കുത്തുന്നതിന് തുല്യമാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. കിടപ്പാടം നഷ്ടപ്പെടുന്നവരെ ഒപ്പം നിന്ന് ചതിക്കുകയാണ് കോൺഗ്രസും യു.ഡി.എഫും. ഇത്രയും കാലം സമരം ചെയ്തിട്ട് പെട്ടെന്ന് നിലപാട് മാറ്റാൻ പിണറായി വിജയനുമായി എന്ത് കരാറാണ് ഉണ്ടാക്കിയതെന്ന് സുധാകരൻ വ്യക്തമാക്കണം. കോൺഗ്രസിന്റെ ആത്മാർത്ഥതയില്ലായ്മ ബി.ജെ.പി ചൂണ്ടിക്കാട്ടിയിരുന്നു. അഴിമതിക്ക് വേണ്ടി മത്സരിക്കുന്ന പരസ്പര സഹകരണ മുന്നണികൾ കേരളത്തെ വലിയ കടക്കെണിയിലാക്കാനാണ് ശ്രമിക്കുന്നത്. ധനമന്ത്രി ബാലഗോപാൽ വീണ്ടും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്. അനുമതി കിട്ടാത്ത പദ്ധതിക്ക് വേണ്ടി ജനങ്ങളെ കുടിയൊഴിപ്പിക്കാനുള്ള സർക്കാരിന്റെ നീക്കത്തെ ബി.ജെ.പി തോൽപ്പിക്കുമെന്നും സുരേന്ദ്രൻ പറഞ്ഞു.