കല്ലമ്പലം: ഒറ്റൂർ പഞ്ചായത്തിലെ മാവിൻമൂട്, മുള്ളറംകോട് പ്രദേശങ്ങളിൽ കഴിഞ്ഞ കുറേക്കാലമായി രാത്രിയും പകലും സംഘം ചേർന്ന് മദ്യപിക്കുന്നതായി പരാതി. മാവിൻമൂട് എൽ.പി സ്കൂളിന് സമീപത്തെ ഹോളോബ്രിക്സ് കമ്പനിക്ക് മുന്നിലുള്ള ഒഴിഞ്ഞ പുരയിടത്തിലും റോഡിലും കുളത്തിനരികിലുമാണ് സ്ഥിരമായി ആളുകൾ ഒത്തുകൂടി മദ്യപിക്കുന്നത്.

മയക്കുമരുന്നുകളും ഉപയോഗിക്കുന്നുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. ഇവിടെ ബഹളവും സംഘർഷവും പതിവാണ്. മുള്ളറംകോട് ഗണപതി ക്ഷേത്രത്തിന് സമീപത്തെ റോഡിലും വയലിലും പോങ്ങരക്കുളത്തിന് സമീപവും മദ്യപ സംഘങ്ങളുടെ വിഹാരകേന്ദ്രമാണ്. ക്രിമിനൽ പശ്ചാത്തലമുള്ളവരും ഈ കൂട്ടത്തിലുണ്ട്. ചില ദിവസങ്ങളിൽ രാത്രി ആരംഭിക്കുന്ന മദ്യപാനവും ബഹളവും പുലർച്ച വരെ തുടരാറുണ്ട്. ഇവരുടെ ബഹളവും സംഘർഷവും കാരണം സമീപവാസികൾക്ക് സമാധാനമായി കിടന്നുറങ്ങാൻ കഴിയാത്ത സ്ഥിതിയാണ്.

മദ്യപസംഘത്തിലെ അംഗങ്ങൾ തമ്മിലുള്ള സംഘർഷം മൂലം ഇവിടെ രണ്ട് യുവാക്കൾ ദാരുണമായി കൊല്ലപ്പെടുകയും ഒരാൾ ആത്മഹത്യ ചെയ്യുകയും ചെയ്തത് നാല് ദിവസം മുൻപാണ്. കൊല്ലപ്പെട്ട അജികുമാറിന്റെ വീട്ടിൽ ഞായറാഴ്ചകളിൽ പതിനഞ്ചോളം പേർ ഒത്തുകൂടുന്നതും മദ്യപിച്ച് ബഹളമുണ്ടാക്കുന്നതും പതിവായിരുന്നുവെന്ന് അയൽവാസികൾ പറഞ്ഞു.

മാവിൻമൂട് ഭാഗത്ത് കഴിഞ്ഞ ക്രിസ്മസ് ദിനം രാത്രിയിൽ മദ്യപസംഘങ്ങൾ തമ്മിലുള്ള സംഘർഷം കല്ലമ്പലം പൊലീസെത്തിയാണ് പരിഹരിച്ചത്. ഈ മദ്യപസംഘങ്ങളെ കൊണ്ട് നാട്ടുകാർ പൊറുതിമുട്ടിയിരിക്കുകയാണ്. നാട്ടുകാരുടെ നിരന്തരമായ പരാതികളുണ്ടായിട്ടും ഇത് അവസാനിപ്പിക്കാനുള്ള യാതൊരുവിധ നടപടിയും അധികൃതരുടെ ഭാഗത്തു നിന്ന് ഉണ്ടാകുന്നില്ലെന്നാണാക്ഷേപം.