
പോത്തൻകോട്: സംസ്ഥാനത്ത് 557പേരെക്കൂടി ഗുണ്ടാപട്ടികയിൽ പുതുതായി ഉൾപ്പെടുത്തിയതിന് പിന്നാലെ തലസ്ഥാനത്തുണ്ടായ ഗുണ്ടാ ആക്രമണം പൊലീസിന് നാണക്കേടായി. പോത്തൻകോട് ചന്തവിളയിൽ ബുധനാഴ്ച രാത്രിയായിരുന്നു സംഭവം.
സംഘം ചേർന്നുള്ള മദ്യപാനത്തിനിടെയുണ്ടായ സംഘർഷത്തിൽ കല്ലും കുപ്പിയും കൊണ്ടുള്ള അടിയിൽ തലയ്‌ക്ക് ഗുരുതരമായി പരിക്കേറ്റ കുപ്രസിദ്ധ ഗുണ്ട മെന്റൽ ദീപുവിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ ദീപുവിന്റെ കൂട്ടാളികളായ മൂന്നുപേർ പൊലീസിന്റെ പിടിയിലായതായി സൂചനയുണ്ട്.
വസ്തുവില്പനയുമായി ബന്ധപ്പെട്ട തർക്കമാണ് അക്രമത്തിൽ കലാശിച്ചതെന്നാണ് പൊലീസ് പറയുന്നത്. ബുധനാഴ്ച രാത്രി 11.30ഓടെ ചന്തവിളയിലെ കടത്തിണ്ണയിലിരുന്നു മദ്യപിക്കുന്നതിനിടെയാണ് ദീപുവിന് തലയ്‌ക്കടിയേറ്റത്. മുറിവിൽ നിന്നുള്ള ചോര റോഡിലാകെ പടർന്നിട്ടുണ്ട്. അയിരൂപ്പാറ സ്വദേശിയായ കുട്ടനാണ് ദീപുവിനെ ആക്രമിച്ചതെന്നാണ് പ്രാഥമിക വിവരം. അഞ്ചംഗ സംഘമാണ് സംഭവത്തിൽ ഉൾപ്പെട്ടതെന്ന് പോത്തൻകോട് പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. പരിക്കേറ്റ മെന്റൽ ദീപുവും പൊലീസിന്റെ ഗുണ്ടാ ലിസ്റ്റിലുള്ളയാളാണ്.
അതേസമയം തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളിൽ നിന്നാണ് ഏറ്റവും കൂടുതൽ പേരെ ഗുണ്ടാ പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. പൊലീസ് സ്റ്റേഷൻ അടിസ്ഥാനത്തിലാണ് ലിസ്റ്റ് തയ്യാറാക്കിയത്. നിലവിൽ സജീവമായവർ മാത്രമാണ് പുതിയ ലിസ്റ്റിലുള്ളതെന്നാണ് വിശദീകരണം. പുതുക്കിയ പട്ടിക അനുസരിച്ച് സംസ്ഥാനത്താകെ 2750 ഗുണ്ടകളാണ് സജീവമായുള്ളതെന്നാണ് പൊലീസിന്റെ വാദം.
അക്രമം ഗുണ്ടാനേതാവിന്റെ
പാർട്ടിക്ക് പിന്നാലെ
ഗുണ്ടാ നേതാവിന്റെ വീട്ടിൽ നടന്ന പാർട്ടിയിൽ പങ്കെടുത്ത് വരുമ്പോഴാണ് ചന്തവിളയിലെ സംഭവമെന്നാണ് വിവരം. തൊട്ടുമുമ്പ് ഇതേ സംഘം തുണ്ടത്തിൽവച്ച് മറ്റൊരു സംഘവുമായുണ്ടായ അടിപിടിയിൽ ഒരാൾക്ക് പരിക്കേറ്റതായും വിവരമുണ്ട്. കൊലപാതകം ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയാണ് മെന്റൽ ദീപു. കസ്റ്റഡിയിലെടുത്തവരെല്ലാം നിരവധി കേസുകളിൽ പ്രതികളാണ്. മറ്റ് പ്രതികൾക്കായി അന്വേഷണം നടക്കുന്നതായും പ്രതികൾ ഉടൻ പിടിയിലാകുമെന്നും പൊലീസ് പറഞ്ഞു. റൂറൽ എസ്.പി ഡോ.ദിവ്യാ വി. ഗോപിനാഥ് രാത്രി തന്നെ സംഭവസ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി.
കഴക്കൂട്ടത്ത് പച്ചക്കറിക്കടയിൽ കയറി ജീവനക്കാരനെ വെട്ടിക്കൊന്ന കേസിലും 2020 സെപ്തംബറിൽ ശ്രീകാര്യം ചേന്തിയിൽ സംഘാംഗമായ ശരത്‌ലാലിനെ വെട്ടിപ്പരിക്കേല്പിച്ച കേസിലും മെന്റൽ ദീപു പ്രതിയാണ്.