തിരുവനന്തപുരം :തലസ്ഥാനത്തിന്റെ സാംസ്‌കാരിക ഇടനാഴിയായ മാനവീയം വീഥിയിലെ നവീകരിച്ച സ്മാർട്ട് റോഡ് തിങ്കളാഴ്ച മുതൽ താത്കാലികമായി തുറക്കും.ഇരു ചക്രവാഹനങ്ങൾക്ക് മാത്രമാണ് തുടക്കത്തിൽ പ്രവേശനം.റോഡ് പണി പൂർത്തിയാക്കി എല്ലാ വാ‌ഹനങ്ങൾക്കും മാർച്ച് മുതലേ പ്രവേശനം അനുവദിക്കൂ. മാർച്ച് മുതൽ ഗതാഗതം അനുവദിച്ചാലും മറ്റ് നവീകരണങ്ങൾ തുടരും. ജൂണിൽ പൂർണമായും തെരുവിന്റെ ജോലികൾ പൂർത്തിയാക്കി മാനവീയം വീഥി സാംസ്കാരിക തെരുവായി മാറും. അഞ്ചുമാസമായി അടച്ചിട്ടിരുന്ന റോഡിന്റെ ടാറിടൽ അവസാനഘട്ടത്തിലാണ്. വഴുതക്കാട് മ്യൂസിയം റോഡുകളെ ബന്ധിപ്പിക്കുന്ന 250 മീറ്റർ വീഥിയാണ് സാംസ്കാരിക ഇടനാഴിയാകുന്നത്. മ്യൂസിയം വെള്ളയമ്പലം റോഡിലുള്ള വയലാർ രാമവർമ്മയുടെ ശില്പം സ്ഥിതിചെയ്യുന്ന സ്ഥലം മുതൽ ആൽത്തറ ജംഗ്ഷനിലുള്ള ജി.ദേവരാജന്റെയും പി. ഭാസ്‌കരന്റെയും ശില്പം ഇരിക്കുന്ന സ്ഥലം വരെയാണ് ഒരേക്കറിനു മുകളിൽ വിസ്തീർണമുള്ള മാനവീയം വീഥിയുടെ പരിധി.

ഗതാഗതം,സാംസ്‌കാരിക ഇടനാഴി ഈ രണ്ട് പദ്ധതികളായാണ് സ്മാർട്ട്സിറ്റിയുടെ കീഴിൽ ജോലി നടക്കുന്നത്.മുലയൂട്ടലിനായി പ്രത്യേകം കിയോസ്ക്,എടുത്തുമാറ്റാൻ കഴിയുംവിധമുള്ള താത്കാലിക സ്റ്റേജ്,ശില്പങ്ങൾ, ചിത്രങ്ങൾ വരയ്ക്കാനുള്ള ആർട്ട് ഗാലറി ഇടം,വ്യായാമത്തിനുള്ള പാർക്ക്,സ്ട്രീറ്റ് ലൈബ്രറി,വൈ ഫൈ പോയിന്റ്,സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർമാർക്കും ഉപയോഗിക്കാവുന്ന ടോയ്ലെറ്റുകൾ,കുടിവെള്ള സംവിധാനം, ഭക്ഷണ കിയോസ്‌ക്,സൈക്കിൾ പാർക്കിംഗ്,കുട്ടികൾക്കായുള്ള കളി ഉപകരണങ്ങൾ,ഇരിപ്പിടങ്ങൾ

തുടങ്ങിയയാണ് സജ്ജീകരിക്കുന്നത്. ദിവസേനയുള്ള പരിപാടികളുടെ വിവരണങ്ങൾ ഡിജിറ്റൽ സ്ക്രീൻ വഴി പ്രദർശിപ്പിക്കും.

1.4 കോടി രൂപയാണ് സാംസ്‌കാരിക ഇടനാഴി നവീകരത്തിനായി ചെലവിടുക.വീഥിയിൽ പരിപാടികൾ സംഘടിപ്പിക്കുമ്പോൾ റോഡ് പൂർണമായും അടച്ചിടാതെ നഗരസഭയിലുള്ള കൺട്രോൾ സെന്ററിൽ നിന്ന് വാഹനഗതാഗതം നിയന്ത്രിക്കാൻ സാധിക്കുന്ന ഹൈഡ്രോളിക്ക് ബൊള്ളാർഡുകളും ഇവിടെ സ്ഥാപിക്കും.

ചുവന്ന സിഗ്നലിനു പകരം തറനിരപ്പിൽനിന്ന് പൊന്തിവരുന്ന ബാരിക്കേഡ് രൂപത്തിലുള്ളവയാണ് ഹൈഡ്രോളിക്ക് ബോളാർഡ്സ്. തലസ്ഥാനത്ത് ആദ്യമായാണ് ഈ ട്രാഫിക്ക് സംവിധാനം സ്ഥാപിക്കുന്നത്.8.5 മീറ്റർ വീതിയിലാണ് പുതിയ കാൽനടപ്പാതകൾ നിർമ്മിക്കുന്നത്.റോഡിൽ നിന്നും വീൽ ചെയർ ഉപയോഗിക്കുന്നവർക്കും പ്രായമായവർക്കും അനായാസമായി കയറാവുന്ന വിധത്തിലാണ് രൂപകല്പന. ഇവിടങ്ങളിലെ സുരക്ഷയ്ക്കായി സി.സി.ടിവി കാമറകളും 24 മണിക്കൂർ പൊലീസ് നിരീക്ഷണവും ഒരുക്കും.