p

തിരുവനന്തപുരം: സർക്കാർ, സ്വാശ്രയ മെഡിക്കൽ, ഡെന്റൽ കോളേജുകളിൽ എം.ബി.ബി.എസ്, ബി.ഡി.എസ് ആദ്യ അലോട്ട്മെന്റ് ലഭിച്ചവർ ഇന്നു മുതൽ 7ന് വൈകിട്ട് നാലിനകം കോളേുകളിൽ പ്രവേശനം നേടണം. www.cee.kerala.gov.inൽ അലോട്ട്മെന്റ് പരിശോധിക്കാം. ഡെന്റൽ കൗൺസിലിന്റെ അംഗീകാരം ലഭിക്കാത്ത വർക്കല അകത്തുമുറി ശ്രീ ശങ്കര കോളേജിൽ ഈ ഘട്ടത്തിൽ അലോട്ട്മെന്റ് നടത്തിയിട്ടില്ല. അലോട്ട്മെന്റ് വിവരങ്ങൾ വിദ്യാർത്ഥികളുടെ ഹോംപേജിൽ. ഡാറ്റാ ഷീറ്റ്, അലോട്ട്മെന്റ് മെമ്മോ എന്നിവ പ്രവേശന സമയത്ത് ഹാജരാക്കണം.

അലോട്ട്മെന്റ് ലഭിച്ചവർ അലോട്ട്മെന്റ് മെമ്മോയിലുള്ളതും എൻട്രൻസ് കമ്മിഷണർക്ക് അടയ്ക്കേണ്ടതുമായ ഫീസ് 7നകം ഓൺലൈനായോ ഹെഡ് പോസ്റ്റോഫീസുകളിലോ അടയ്ക്കണം. കൊല്ലം ട്രാവൻകൂർ മെഡിക്കൽ കോളേജ്, തിരുവല്ല ബിലീവേഴ്സ് ചർച്ച്, പാലക്കാട് പി.കെ.ദാസ് കോളേജുകളിലെ എം.ബി.ബി.എസ് ഫീസ് നിശ്ചയിച്ചിട്ടില്ലാത്തതിനാൽ അലോട്ട്മെന്റ് ലഭിച്ചവർ 2020- 21 വർഷത്തെ ഫീസ് താത്കാലികമായി അടയ്ക്കണം. മേൽനോട്ട സമിതിയോ ഹൈക്കോടതിയോ നിശ്ചയിക്കുന്ന ഫീസ് ഇതിലും അധികമായാൽ അടയ്ക്കാമെന്ന് സത്യവാങ്മൂലം നൽകണം. എൻ.ആർ.ഐ ക്വോട്ടയിലെ അപേക്ഷകർ ആവശ്യമായ രേഖകൾ വെബ്സൈറ്റിൽ അപ്‌ലോഡ് ചെയ്യണം. വിവരങ്ങൾ വെബ്സൈറ്റിൽ. എം.ബി.ബി.എസ്, ബി.ഡി.എസ് കോഴ്സുകളിലേക്കുള്ള രണ്ടാം അലോട്ട്മെന്റ് വിജ്ഞാപനം പിന്നീട് പ്രസിദ്ധീകരിക്കും. ആദ്യ അലോട്ട്മെന്റ് ലഭിച്ചവർ നിശ്ചിത സമയത്തിനകം പ്രവേശനം നേടിയില്ലെങ്കിൽ നിലവിലെ അലോട്ട്മെന്റും ഹയർ ഓപ്ഷനുകളും റദ്ദാക്കുമെന്ന് എൻട്രൻസ് കമ്മിഷണർ അറിയിച്ചു. ഹെൽപ്പ് ലൈൻ- 0471 2525300.

ആദ്യഅലോട്ട്മെന്റിൽ സർക്കാർ മെഡിക്കൽ കോളേജുകളിലെ സ്റ്റേറ്റ് മെരിറ്റ് അവസാന റാങ്ക് ഇങ്ങനെ-

ആലപ്പുഴ:594

എറണാകുളം:591

കോഴിക്കോട്:164

പാരിപ്പള്ളി:588

കണ്ണൂർ:592

കോട്ടയം:408

മഞ്ചേരി:549

തൃശൂർ:456

തിരുവനന്തപുരം:271