തിരുവനന്തപുരം:ദേശീയപാതയിൽ ഈഞ്ചയ്‌ക്കൽ ജംഗ്ഷനിലെ ഗതാഗതക്കുരുക്ക് ശാശ്വതമായി പരിഹരിക്കാൻ ഫ്ളൈഓവർ നിർമ്മിക്കണമെന്ന ആവശ്യം കേന്ദ്രം തത്വത്തിൽ അംഗീകരിച്ചതായി മന്ത്രി ആന്റണി രാജു അറിയിച്ചു.ദേശീയപാതാ വികസനവും പൊതുഗതാഗത രംഗത്തെ പ്രശ്‌നങ്ങളും സംബന്ധിച്ച് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരിയുമായി ഡൽഹിയിൽ നടത്തിയ ചർച്ചയിലാണ് ഈ ഉറപ്പ് ലഭിച്ചത്.നിരവധി റോഡുകൾ സംഗമിക്കുന്ന ജംഗ്ഷനിൽ ഫ്ളൈഓവർ എന്ന ആവശ്യം നേരത്തെ ഉയർന്നതാണ്. ഫ്ളൈഓവർ നിർമ്മിക്കാതെ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ സാധിക്കില്ലെന്ന് ഇതുസംബന്ധിച്ച് ചർച്ച ചെയ്യാൻ ഡിസംബറിൽ ആന്റണി രാജുവിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ അഭിപ്രായമുയർന്നിരുന്നു.
വിനോദ സഞ്ചാര കേന്ദ്രമായ കോവളത്തിനു സമീപമുള്ള തിരുവല്ലം ജംഗ്ഷനിലെ സങ്കീർണമായ ഗതാഗതപ്രശ്‌നം ശാസ്ത്രീയമായി പരിഹരിക്കുമെന്നും മന്ത്രി വാർത്താക്കുറിപ്പിൽ അറിയിച്ചു.