
വെള്ളറട: അമ്പൂരി കുമ്പിച്ചൽകടവ് പാലത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. അപ്രോച്ച് റോഡ് നിർമ്മാണം പൂർത്തിയായി. തിങ്കളാഴ്ച ആദ്യ സ്പാനിന്റെ പൈലിംഗ് പ്രവർത്തനം ആരംഭിക്കും.
കിഫ്ബിയുടെ ധനസഹായത്തോടെ 19 കോടി രൂപ അടങ്കലിലാണ് പദ്ധതിയുടെ നിർവഹണം. നെയ്യാറിലെ കരിപ്പയാറിന്റെ മറുകരയിലെ നെയ്യാർഡാം റിസർവേയറിന്റെ തുരുത്തിൽ ഒറ്റപ്പെട്ടുപോയ കാരിക്കുഴി, ചാക്കപ്പാറ, ശംഖിൻകോണം, കയ്പൻപ്ലാവിള,തൊടുമല,തെന്മല,കുന്നത്തുമല തുടങ്ങി പതിനൊന്നോളം ആദിവാസി ഊരുകളിൽ താമസിക്കുന്ന ആയിരത്തിലധികം കുടുംബങ്ങളുടെയും അമ്പൂരി നിവാസികളുടെയും നൂറ്റാണ്ടിലേറെയായുള്ള ആവശ്യമാണ് കുമ്പിച്ചൽ കടവ് പാലം.
36.2 മീറ്റർ വീതം അകലത്തിലുള്ള 7 സ്പാനുകളിലായി 253.4 മീറ്റർ നീളത്തിലാണ് പാലം നിർമ്മിക്കുന്നത്. 11 മീറ്റർ വീതിയുള്ള പാലത്തിൽ 8 മീറ്റർ വീതിയിൽ റോഡും ഇരുവശത്തും ഫുഡ്പാത്തും ഉൾപ്പെടുത്തിയിട്ടുണ്ട്.
പ്രദേശത്തിന്റെ ടൂറിസം സാദ്ധ്യതകൾ മുൻനിറുത്തി ഭൂനിരപ്പിൽ നിന്ന് 12.5 മീറ്റർ ഉയരത്തിൽ നിർമ്മിക്കുന്ന പാലത്തിനടിയിലൂടെ നെയ്യാർഡാമിൽ നിന്ന് വിനോദസഞ്ചാരികളുമായി വരുന്ന ബോട്ടിന് കടന്നുപോകുന്നതിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. സി.കെ. ഹരീന്ദ്രൻ എം.എൽ.എ സ്ഥലം സന്ദർശിച്ച് നിർമ്മാണത്തിന് ആവശ്യമായ നിർദ്ദേശങ്ങൾ നൽകുന്നുണ്ട്.