governor

# മന്ത്രി ബിന്ദുവിന്റെ ശുപാർശയിൽ പങ്കില്ലെന്ന് ഗവർണർ

തിരുവനന്തപുരം: കണ്ണൂർ സർവകലാശാലാ വൈസ്ചാൻസലർ ഡോ.ഗോപിനാഥ് രവീന്ദ്രന്റെ പുനർനിയമനത്തിൽ തനിക്ക് പങ്കില്ലെന്നും, നടപടികൾക്ക് മുൻകൈയെടുത്തത് മുഖ്യമന്ത്രിയും ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദുവുമാണെന്നും തുറന്നടിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കേസിൽ ഇന്ന് ലോകായുക്ത വിധി പറയാനിരിക്കെയാണ്,ഗവർണർ വാർത്താക്കുറിപ്പിലൂടെ സർക്കാരിനെ ഞെട്ടിച്ചത്.

തന്റെ നിർദ്ദേശ പ്രകാരമാണ് പുനർ നിയമനത്തിനായി ശുപാർശ ചെയ്തതെന്ന സർക്കാർ വാദം നിഷേധിച്ച ഗവ‌ർണർ, ഇക്കാര്യം സാധൂകരിക്കാൻ സർക്കാരുമായി നവംബർ 21, 22, 23 തീയതികളിൽ നടത്തിയ കത്തിടപാടുകളുടെയും ആശയവിനിമയത്തിന്റെയും വിവരങ്ങൾ പുറത്തുവിട്ടു. പുനർനിയമനത്തിൽ തനിക്ക് പങ്കില്ലെന്നും, നിയമപ്രകാരം വൈസ്ചാൻസലറെ കണ്ടെത്താൻ രാജ്ഭവൻ ഇറക്കിയ വിജ്ഞാപനവും നടപടികളും അവസാനിച്ചത് മന്ത്രി ആർ.ബിന്ദു, മുഖ്യമന്ത്രിയുടെ ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി, നിയമോപദേശകൻ എന്നിവരുടെ ഇടപെടലിനെയും, ഇതിനെ പിന്തുണച്ചുള്ള അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശത്തെയും തുടർന്നാണെന്നും ഗവർണർ

വിശദീകരിച്ചു.

നവം.21, 11.30 A.M

നിയമോപദേശകൻ

രാജ്ഭവനിൽ

പുതിയ വി.സിയെ കണ്ടെത്താൻ ഒക്ടോബർ 27ന് സെലക്ഷൻ കമ്മിറ്റി രൂപീകരിച്ച് വിജ്ഞാപനമിറക്കി. നവംബർ 21ന് രാവിലെ 11.30ന് മുഖ്യമന്ത്രിയുടെ നിയമോപദേശകൻ കെ.കെ.രവീന്ദ്രനാഥ് രാജ്ഭവനിലെത്തി ഗവർണറെ കണ്ടു. ഗോപിനാഥ് രവീന്ദ്രനെ പുനർനിയമിക്കാനുള്ള സർക്കാരിന്റെ ആഗ്രഹം അറിയിച്ചു.

ഇക്കാര്യം നിയമപരമായി അംഗീകരിക്കാനാവാത്തതാണെന്ന് ഗവർണർ നിലപാടെടുത്തു. ഏതാനും പേപ്പറുകൾകാട്ടി,അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശമാണെന്ന് പറഞ്ഞ നിയമോപദേശകൻ, എ.ജിയുടെ ഒപ്പും സീലുമുള്ള നിയമോപദേശം ഉടൻ ഹാജരാക്കാമെന്നും അറിയിച്ചു

നവം.22, 01.30 pm

മന്ത്രി ബിന്ദുവിന്റെ കത്ത്

നവംബർ 22ന് ഉച്ചയ്ക്ക് ഒന്നരയ്ക്ക് മന്ത്രി ആർ.ബിന്ദുവിന്റെ കത്ത് രാജ്ഭവനിലെത്തി. ഗോപിനാഥ് രവീന്ദ്രന് പുനർനിയമനം നൽകണമെന്നും, സെർച്ച് കമ്മിറ്റി രൂപീകരിച്ചുള്ള വിജ്ഞാപനം റദ്ദാക്കണമെന്നും കത്തിൽ അഭ്യർത്ഥിച്ചിരുന്നു.

22ന് ഉച്ചയ്ക്ക് 12.10ന് മുഖ്യമന്ത്രിയുടെ ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി ആർ.മോഹനൻ രാജ്ഭവനിലെത്തിയിരുന്നു.അഡ്വക്കേറ്റ് ജനറലിന്റെ ഒപ്പും സീലുമുള്ള നിയമോപദേശം ഹാജരാക്കി. പുനർനിയമനത്തിന് നിയമപരമായി തടസമില്ലെന്നായിരുന്നു അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം.

ഇതിന്റെ അടിസ്ഥാനത്തിൽ, ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ ശുപാർശ സ്വീകരിക്കാൻ ഗവർണർ സമ്മതിക്കുകയായിരുന്നു. സെർച്ച് കമ്മിറ്റി വിജ്ഞാപനം പിൻവലിക്കാനും പുനർനിയമനത്തിന് ശുപാർശ നൽകാൻ സംസ്ഥാന സർക്കാരിനെ അനുവദിക്കാനുമുള്ള ഗവർണറുടെ തീരുമാനം അറിയിച്ച് അന്ന് വൈകിട്ട് ഗവർണറുടെ പ്രിൻസിപ്പൽ സെക്രട്ടറി, ഉന്നതവിദ്യാഭ്യാസ അഡി.ചീഫ് സെക്രട്ടറിക്ക് കത്ത് നൽകി. വിജ്ഞാപനം പിൻവലിച്ചതായി അറിയിച്ച് അന്ന് രാത്രി 10.10ന് ഉന്നതവിദ്യാഭ്യാസ മന്ത്രിയുടെ കത്ത് രാജ്ഭവനിലെത്തിയിരുന്നു.

നവം. 23

പുനർനിയമനം

മന്ത്രിയുടെ ശുപാർശ പ്രകാരം പുനർനിയമനത്തിന് 23ന് രാജ്ഭവൻ വിജ്ഞാപനം ഇറക്കിയതെന്ന് ഗവർണർ വിശദീകരിച്ചു.