
തിരുവനന്തപുരം: ഏഴുവർഷമായി എഴുന്നേൽക്കാൻപോലും കഴിയാതെ കിടക്കുന്ന ശിവൻ പഴയതുപോലെ നടക്കണമെങ്കിൽ സുമനസുകൾ കനിയണം. 2014 ഒക്ടോബർ 12ന് രാവിലെയും പാചകത്തൊഴിലിനായി വീട്ടിൽ നിന്ന് പോയതാണ് മുക്കോല അമ്പലത്തുനട പനവിള വീട്ടിലെ ബി. ശിവൻ. 29 ദിവസത്തെ ആശുപത്രി വാസത്തിനുശേഷം എഴുന്നേറ്റുനിൽക്കാൻ പോലും ശേഷിയില്ലാതെയാണ് തിരികെയെത്തിയത്.
ജോലി ചെയ്യുന്നതിനിടെ കാലിന് വിറയൽ വന്ന് പേരൂർക്കട ജില്ലാ ആശുപത്രിയിലേക്ക് നടന്നുപോയ ആളാണ് ശിവൻ. അവിടുന്ന് നേരെ മെഡിക്കൽ കോളേജിലെത്തിച്ചു. സ്‌കാനും എം.ആർ.എയുമൊക്കെ ചെയ്തെങ്കിലും രോഗം കണ്ടെത്താനായില്ല. പക്ഷാഘാതം കാരണം ആദ്യം കാലുകളുടെ ചലനശേഷി നഷ്ടമായി. തുടർന്ന് ശരീരം മുഴുവൻ തളർന്നുപോയി.
ശിവന്റെ വരുമാനം മാത്രമായിരുന്നു കുടുംബത്തിന്റെ ആശ്രയം. ഭർത്താവിന് മരുന്നുവാങ്ങാനും ചെലവുനോക്കാനുമായി ഭാര്യ സതി വീട്ടുജോലിക്കിറങ്ങി. ആർത്രൈറ്റിസ് രൂക്ഷമായതോടെ സീതയും ബുദ്ധിമുട്ടിലായി.
വിവാഹിതയായ മകൾ ശരണ്യ തൊട്ടടുത്തുതന്നെ താമസിക്കുന്നുണ്ട്. മകൻ ശ്യാം കൂലിപ്പണിക്കാരനാണ്. മക്കൾ രണ്ടുപേരും തങ്ങളെക്കൊണ്ട് കഴിയുംവിധം സഹായിക്കുന്നുണ്ട്. നാട്ടുകാരുടെ കൂടി കാരുണ്യത്തിലാണ് ഇപ്പോൾ കുടുംബം മുന്നോട്ടുപോകുന്നത്.
സ്വന്തമായൊരു വീടുപോലുമില്ലാത്ത സതിയുടെ ഏക ആഗ്രഹം ഭർത്താവ് പഴയപോലെ നടക്കണമെന്നതു മാത്രമാണ്. അതിനായി ചികിത്സാ ചെലവു മാത്രം മൂന്നുലക്ഷം രൂപ വരും. ശിവന്റെ പേരിൽ കനറാ ബാങ്കിൽ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. പേര്: ശിവൻ ബി. അക്കൗണ്ട് നമ്പർ: 110025159225, ഐ.എഫ്.എസ്.സി കോഡ്: CNRB0002966. ഫോൺ: 9747585164, 9947197108.