cpi

സി.പി.ഐ മന്ത്രിമാർ ജാഗ്രത കാട്ടിയില്ലെന്നും സംസ്ഥാന എക്സിക്യൂട്ടീവിൽ വിമർശനം

തിരുവനന്തപുരം: ലോകായുക്ത നിയമഭേദഗതി ഓർഡിനൻസ് ഇടതുമുന്നണിയുടെ രാഷ്ട്രീയ പ്രതിച്ഛായയെ സംശയ നിഴലിലാക്കിയെന്ന് സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവ് യോഗത്തിൽ രൂക്ഷ വിമർശനം. ലോകായുക്തയുടെ അധികാരം വെട്ടിക്കുറയ്ക്കുന്ന തരത്തിൽ പതിനാലാം വകുപ്പിൽ വരുത്തിയ ഭേദഗതി പിൻവലിക്കണമെന്ന് യോഗത്തിൽ ആവശ്യമുയർന്നു. ഓർഡിനൻസ് നിയമസഭയിൽ ബില്ലായി കൊണ്ടുവരുമ്പോഴായാലും, നിയമസഭാസമ്മേളനം കഴിഞ്ഞ് വീണ്ടും ഓർഡിനൻസ് പുനർവിളംബരം ചെയ്യുമ്പോഴായാലും സി.പി.ഐ അതിന്റെ വിയോജിപ്പ് ശക്തിയായി പ്രകടിപ്പിക്കാൻ എക്സിക്യൂട്ടീവ് യോഗത്തിൽ ധാരണയായി. ഇടതുമുന്നണിയിൽ ചർച്ച ചെയ്തിട്ടേ തുടർനടപടിയെടുക്കാവൂ എന്നാവശ്യപ്പെടാൻ സെക്രട്ടറി കാനം രാജേന്ദ്രനെ ചുമതലപ്പെടുത്തി.

ലോകായുക്ത നിയമഭേദഗതി ഓർഡിനൻസ് മന്ത്രിസഭായോഗം പരിഗണിച്ചപ്പോൾ സി.പി.ഐ മന്ത്രിമാരുടെ ഭാഗത്ത് ജാഗ്രതക്കുറവുണ്ടായെന്ന വിമർശനവും യോഗത്തിലുയർന്നു. മന്ത്രിമാർ ജാഗ്രത കാട്ടേണ്ടിയിരുന്നുവെന്ന് മറുപടിപ്രസംഗത്തിൽ കാനം രാജേന്ദ്രനും പറഞ്ഞു. എന്നാൽ,മന്ത്രിസഭായോഗത്തിൽ രണ്ടാം തവണ ഓർഡിനൻസ് ചർച്ചയ്ക്ക് വരുന്നതിന് മുമ്പ് പാർട്ടി സെന്ററിനെ വിവരമറിയിച്ചെന്നും, കൃത്യമായ നിർദ്ദേശം വരാതിരുന്നതാണ് ആശയക്കുഴപ്പത്തിനിടയാക്കിയതെന്നും മന്ത്രി കെ.രാജൻ വിശദീകരിച്ചു.

നിയമഭേദഗതി ഓർഡിനൻസ് തിടുക്കപ്പെട്ട് കൊണ്ടുവന്നത് ഇടതുമുന്നണിയുടെ രാഷ്ട്രീയശൈലിക്ക് യോജിച്ചതായില്ലെന്ന വിമർശനമാണുയർന്നത്. ഓർഡിനൻസിറക്കാൻ തിടുക്കമെന്തിനായിരുന്നുവെന്ന് സെക്രട്ടറി കാനം രാജേന്ദ്രൻ പരസ്യമായി പ്രതികരിച്ചത് ഉചിതമായി. ലോകായുക്തയുടെ വിധി സംസ്ഥാന സർക്കാരോ ഗവർണറോ മുഖ്യമന്ത്രിയോ വാദം കേട്ട് തള്ളുകയോ കൊള്ളുകയോ ചെയ്യാമെന്ന തരത്തിൽ പതിനാലാം വകുപ്പിൽ വരുത്തിയ ഭേദഗതി സർക്കാരിനെന്തോ ഭയപ്പെടാനുണ്ടെന്ന തോന്നലുയർത്തി. ചെറിയ ആരോപണങ്ങളിൽ പോലും ചിരിച്ച് കൊണ്ട് സ്വമേധയാ രാജിവച്ച നേതാക്കളുടെ പാരമ്പര്യമാണ് ഇടതുമുന്നണിക്കുള്ളതെന്നും അംഗങ്ങൾ ചൂണ്ടിക്കാട്ടി.

കെ-റെയിൽ: ജനങ്ങളോട്

യുദ്ധപ്രഖ്യാപനം വേണ്ട

കെ-റെയിൽ പദ്ധതി ജനങ്ങളെ പൂർണമായി വിശ്വാസത്തിലെടുത്താവണം നടപ്പാക്കാനെന്നും അഭിപ്രായമുയർന്നു. പദ്ധതിയെ തള്ളിപ്പറഞ്ഞ് യു.ഡി.എഫിനും ബി.ജെ.പിക്കും ആയുധം നൽകേണ്ടെന്ന സി.പി.ഐയുടെ നിലപാട് സ്വാഗതാർഹമാണെങ്കിലും, ജനങ്ങളോട് യുദ്ധപ്രഖ്യാപനം നടത്തി തീരുമാനങ്ങൾ എടുക്കുന്നത് ശരിയാവില്ല. ധാർഷ്ഠ്യമോ പ്രകോപനമോ കൂടാതെ ജനങ്ങളെ കാര്യങ്ങൾ ബോദ്ധ്യപ്പെടുത്തണം.

കെ.കെ. ശിവരാമനോട്

വിശദീകരണം തേടി

രവീന്ദ്രൻ പട്ടയം റദ്ദാക്കാനുള്ള സർക്കാർ തീരുമാനത്തെ പരസ്യമായി എതിർത്ത പാർട്ടി ഇടുക്കി ജില്ലാ സെക്രട്ടറി കെ.കെ. ശിവരാമനോട് വിശദീകരണം തേടാൻ എക്സിക്യൂട്ടീവ് യോഗം തീരുമാനിച്ചു. രവീന്ദ്രൻ പട്ടയം സാധുതയില്ലാത്തതാണ്. ഇല്ലാത്ത അധികാരമുപയോഗിച്ച് ഡെപ്യൂട്ടി തഹസിൽദാരായ ഉദ്യോഗസ്ഥൻ നൽകിയ പട്ടയങ്ങൾ നിയമപരമായി നിലനിൽക്കില്ല. 2019ൽ മന്ത്രിസഭയെടുത്ത തീരുമാനങ്ങളുടെ തുടർച്ചയായാണ് മന്ത്രിസഭായോഗം ആ പട്ടയങ്ങൾ റദ്ദാക്കിയത്. അവിടെ അർഹരായവർക്കെല്ലാം നിയമപ്രകാരം അപേക്ഷിച്ചാൽ പട്ടയം ലഭ്യമാക്കുകയെന്നതാണ് സമീപനമെന്നും കാനം വിശദീകരിച്ചു.