registration

തിരുവനന്തപുരം: കേന്ദ്ര ബഡ്ജറ്റിലെ ഒരു രാജ്യം ഒരു രജിസ്‌ട്രേഷൻ എന്ന പ്രഖ്യാപനത്തിൽ ആശങ്ക പ്രകടിപ്പിച്ച് സംസ്ഥാനം. ഏകീകൃത സോഫ്റ്റ് വെയർ സ്ഥാപിച്ച് രാജ്യത്ത് എവിടെ വേണമെങ്കിലും ആധാരങ്ങളും പ്രമാണങ്ങളും രജിസ്റ്റർ ചെയ്യാനുള്ള സംവിധാനം ഒരുക്കുമെന്നാണ് ബഡ്ജറ്റ് പ്രഖ്യാപനം. ഇത് സംസ്ഥാനങ്ങളുടെ തനതു നികുതിയേതര വരുമാനത്തിൽ വൻ ഇടിവുണ്ടാക്കുമെന്നാണ് കേരളത്തിന്റെ ആശങ്ക. ഇതിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കും. ഭരണഘടന ഉറപ്പു നൽകുന്ന കേന്ദ്ര- സംസ്ഥാന ബന്ധങ്ങളുടെ ലംഘനമാണ് ഇതെന്ന് മന്ത്രി വി.എൻ.വാസവൻ പറഞ്ഞു. സംസ്ഥാനങ്ങളുടെ അധികാരങ്ങൾ കവർന്നെടുക്കുന്ന സമീപനത്തിന്റെ ഭാഗമാണിത്. ഭൂമി കൈമാറ്റവും രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട നിയമ നിർമ്മാണത്തിനുള്ള അവകാശം ഭരണഘടനയുടെ ഏഴാം പട്ടികയിലെ മൂന്നാം ലിസ്റ്റിൽ (കൺകറന്റ് ലിസ്റ്റ് )ആറാം എൻട്രിയായി ഉൾപ്പെടുത്തിയിരിക്കുന്നതാണ്. ഏഴാം പട്ടികയിലെ രണ്ടാം ലിസ്റ്റിൽ (സ്റ്റേറ്റ് ലിസ്റ്റ് ) 63 ാം എൻട്രി പ്രകാരം ബിൽസ് ഒഫ് എക്സ്‌ചേഞ്ച്, ചെക്കുകൾ, പ്രോമിസറി നോട്ടുകൾ, ലെറ്റേഴ്സ് ഒഫ് ക്രെഡിറ്റ്, ഇൻഷ്വറൻസ് പോളിസികൾ, ഓഹരി കൈമാറ്റങ്ങൾ, പ്രോക്സികൾ എന്നിവ ഒഴികെയുള്ള മറ്റെല്ലാ ആധാരങ്ങൾക്കും സ്റ്റാമ്പ് ഡ്യൂട്ടി നിർണയിക്കാനുള്ള അധികാരം സംസ്ഥാനങ്ങൾക്കാണ് നൽകിയിട്ടുള്ളത്.
ചരക്ക് സേവന നികുതി നടപ്പിലാക്കിയതോടെ സംസ്ഥാനത്തിന്റെ പ്രധാനവരുമാന സ്രോതസുകളിൽ ഒന്നാണ് രജിസ്‌ട്രേഷനുകൾ വഴിയുള്ള വരുമാനം. ഈ അധികാരം കവർന്നെടുക്കുന്നതോടെ സ്റ്റാമ്പ് ഡ്യൂട്ടി നിർണയിക്കുന്നതിനുള്ള അവകാശവും നഷ്ടമാകും. ഇതോടെ സംസ്ഥാനത്തിന്റെ വരുമാനം വലിയതോതിൽ ഇടിയുമെന്നും മന്ത്രി പറഞ്ഞു.