arif-mohammad-khan

തിരുവനന്തപുരം: ലോകായുക്ത നിയമഭേദഗതി ഓർഡിനൻസിൽ സർക്കാർ വിശദീകരണം നൽകി രണ്ട് ദിവസമായെങ്കിലും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇന്നലെയും തീരുമാനമെടുത്തില്ല. ഗവർണർ ഒപ്പിട്ടാലേ ഭേദഗതി ഓർഡിനൻസ് നിലവിൽ വരൂ. മന്ത്രിസഭാ തീരുമാനം വന്ന് രണ്ടാഴ്ചയിലധികമായിട്ടും തീരുമാനം നീളുന്നത് സർക്കാരിനെയും ബുദ്ധിമുട്ടിലാക്കുന്നുണ്ട്. രാജ്ഭവനിൽ തന്നെയുണ്ടായിരുന്ന ഗവർണർ ഓർഡിനൻസിൽ ഒപ്പു വയ്ക്കാനോ തിരിച്ചയയ്ക്കാനോ തയ്യാറാവാതിരിക്കുകയായിരുന്നു. മുഖ്യമന്ത്രി തലസ്ഥാനത്ത് മടങ്ങിയെത്തിയ ശേഷമേ ഗവർണർ തീരുമാനമെടുക്കാൻ സാദ്ധ്യതയുള്ളൂവെന്ന സൂചനകളുമുയരുന്നുണ്ട്. ഞായറാഴ്ച പുലർച്ചെയാണ് മുഖ്യമന്ത്രി യു.എ.ഇയിൽ നിന്ന് മടങ്ങിയെത്തുക.

അടുത്ത ബുധനാഴ്ച ചേരുന്ന മന്ത്രിസഭായോഗം നിയമസഭാ സമ്മേളനം വിളിച്ചുചേർക്കുന്നതിൽ തീരുമാനമെടുത്തേക്കും. അതിന് മുമ്പ് ഗവർണർ ഓർഡിനൻസിൽ ഒപ്പുവയ്ക്കുന്നില്ലെങ്കിൽ നടപ്പാവില്ല. അത്തരമൊരു സാഹചര്യമുണ്ടായാൽ നിയമഭേദഗതി നിയമസഭയിൽ ബില്ലായി സർക്കാരിന് കൊണ്ടുവരാം. പക്ഷേ, ഭേദഗതിയോട് സി.പി.ഐ വിയോജിപ്പ് പ്രകടിപ്പിച്ചിരിക്കുന്ന സാഹചര്യത്തിൽ ഇടതുമുന്നണിയിൽ ഇതുസംബന്ധിച്ച് സമവായം ആവശ്യമായി വരും. അതില്ലാതെ മുന്നോട്ട് പോയാൽ ഭരണമുന്നണിക്കകത്ത് അസ്വസ്ഥതകളുയരും. അതിന് സി.പി.എം ആഗ്രഹിക്കില്ല.

അതേസമയം, ഭേദഗതി ഓർഡിനൻസിന് ഗവർണർ അംഗീകാരം നൽകിയാൽ നിയമപരമായി നേരിടാനാണ് പ്രതിപക്ഷത്തിന്റെ നീക്കം. നിയമസഭയിൽ ബില്ലവതരിപ്പിച്ച് പാസാക്കിയാലും നിയമപോരാട്ടത്തിന് പ്രതിപക്ഷം തയ്യാറായേക്കും.