തിരുവനന്തപുരം: പുത്തരിക്കണ്ടത്തെ പാർക്കിംഗ് കേന്ദ്ര നിർമ്മാണത്തിൽ നിന്ന് കരാർ കമ്പനി പിൻമാറി. നിർമ്മാണ കരാറിൽ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് കോയമ്പത്തൂർ ആസ്ഥാനമായ സീഗർ സ്പിൻ ടെക്ക് എക്യുപ്‌മെന്റ് പ്രൈവറ്റ് ലിമിറ്റഡ് നഗരസഭയ്ക്ക് കത്ത് നൽകി. നഗരസഭ ആസ്ഥാനത്തെ പാർക്കിംഗ് കേന്ദ്രം നിർമ്മിച്ചതും ഇതേ കമ്പനിയായിരുന്നു.
ഇത് നിർമ്മിച്ച വകയിൽ കോടികൾ നൽകാനുള്ളതും അവശ്യ സാമഗ്രികളുടെ വില വർദ്ധനയ്ക്കനുസരിച്ചു എസ്റ്റിമേറ്റ് കൂട്ടാത്തതുമാണ് പുത്തരിക്കണ്ടത്തെ കരാറിൽ നിന്ന് കമ്പനി പിൻമാറാൻ കാരണമെന്നാണ് സൂചന. 216 കാർ, 240 ബൈക്ക്, 45 ഓട്ടോറിക്ഷാ എന്നിവ പാർക്ക് ചെയ്യാനെന്ന് കണക്കിലായിരുന്നു പദ്ധതി.
11.74 കോടി രൂപയാണ് കണക്കാക്കിയത്. പൈലിഗം ജോലികൾ ആരംഭിച്ചപ്പോൾ ലോക്ക് ഡൗൺ വന്നു. തുടർന്ന് നിറുത്തിവച്ചു. എസ്റ്റിമേറ്റ് പുതുക്കിയെങ്കിലും കരാറിൽ തുടരാൻ താത്പര്യമില്ലെന്ന് കമ്പനി കോർപറേഷനെ അറിയിച്ചു. രൂപരേഖയിലെ പിഴവ് കാരണം ഓട്ടോറിക്ഷ, ബൈക്ക് എന്നിവയ്ക്ക് വേണ്ടിയുള്ള പാർക്കിംഗ് നിർമ്മാണം ഇവിടെ ഒഴിവാക്കിയിരുന്നു.