തിരുവനന്തപുരം: നഗരത്തിലെ കോടികൾ വിലമതിക്കുന്ന ഏജീസ് ഓഫീസിന്റെ സ്ഥലം വിദ്യാഭ്യാസ വകുപ്പിന് കീഴിലെ കൈറ്റ് വിക്ടേഴ്സിന് കെട്ടിടം നിർമ്മിക്കാൻ നൽകിയതുമായി ബന്ധപ്പെട്ട് അന്വേഷണം വരും. ഇതു സംബന്ധിച്ച് ഇരു വിഭാഗവും റിപ്പോർട്ട് തേടിയേക്കുമെന്നാണ് സൂചന. തിരുവനന്തപുരം വലിയശാലയിലെ 55 സെന്റ് സ്ഥലമാണ് കൈറ്റിന് കെട്ടിടം നിർമ്മിക്കാൻ ഉത്തരവിറക്കിയത്. ഏജീസ് ഓഫീസിലെ സ്റ്റാഫിനുള്ള ക്വാർട്ടേഴ്സ് നിർമ്മിക്കാനുള്ള നീക്കങ്ങൾ നടത്തുന്നതിനിടെയാണ് ഇത്തരമൊരു നീക്കം നടന്നിരിക്കുന്നത്. വലിയശാലയിലെ ഭൂമി വേലിക്കെട്ടിത്തിരിച്ച് കൈറ്റ് വിക്ടേഴ്സ് ബോർഡും സ്ഥാപിച്ചു കഴിഞ്ഞ ശേഷമാണ് ഭൂമി തങ്ങളുടെ കൈവിട്ടുപോയ വിവരം ഏജീസ് ഓഫീസ് അധികൃതർ അറിയുന്നത്. പ്രിൻസിപ്പൽ അക്കൗണ്ടന്റ് ജനറലിന് പതിച്ചു നൽകിയ ഭൂമി സർക്കാർ തന്നെ ആരുമറിയാതെ വിദ്യാഭ്യാസവകുപ്പിന് നൽകി ഉത്തരവിറക്കുകയായിരുന്നു.
എം.ജി റോഡ് വീതി കൂട്ടുന്നതിന് വേണ്ടി വർഷങ്ങൾക്ക് മുൻപ് ഏജീസ് ഓഫീസിന്റെ മുൻവശത്തെ മുപ്പത് സെന്റിലേറെ ഭൂമി വിട്ടുകൊടുത്തിരുന്നു. ഇതിന് പകരം ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് വലിയശാലയിൽ 55 സെന്റ് സ്ഥലം പ്രിൻസിപ്പൽ അക്കൗണ്ടന്റ് ജനറലിന് നൽകി റവന്യു വകുപ്പ് ഉത്തരവിറക്കുകയായിരുന്നു. 2017 ജനുവരി 30ന് ഇറങ്ങിയ ഉത്തരവിൽ ഈ സ്ഥലത്തിന്റെ വിപണി വിലയായി കാണിച്ചിരിക്കുന്നത് നാല് കോടി 74 ലക്ഷം രൂപയാണ്. തിരുവനന്തപുരം താലൂക്ക് തൈക്കാട് വില്ലേജിലാണ് സ്ഥലം. അതേവർഷം മാർച്ച് 21ന് പട്ടയവും നൽകി.
ഏജീസ് ഓഫീസുമായി ഒരാശയവിനിമയവും നടത്താതെയാണ് സ്ഥലം കൈറ്റ് വിക്ടേഴ്സിന് ഓഫീസ് പണിയാൻ നൽകിയിരിക്കുന്നതെന്നാണ് സൂചന. ഇതു സംബന്ധിച്ച് പ്രതികരിക്കാനില്ലെന്ന് കൈറ്റ് വിക്ടേഴ്സ് എക്സിക്യുട്ടീവ് ഓഫീസർ പറഞ്ഞു.