photo

പാലോട്: കോടികൾ ചെലവഴിച്ച് കെട്ടിടങ്ങൾ നിർമ്മിച്ചു അനാഥമായി കിടന്നിട്ടും വീണ്ടും കെട്ടിട നിർമ്മാണത്തിനായ് കൂറ്റൻ മരങ്ങൾ മുറിച്ചുമാറ്റാനുള്ള തയ്യാറെടുപ്പിലാണ് പാലോട് സർക്കാർ ആശുപത്രി അധികാരികൾ. കൊവിഡിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ 140 നിയോജക മണ്ഡലങ്ങളിലും ആരംഭിക്കുന്ന ഐസൊലേഷൻ വാർഡിനായി വാമനപുരം മണ്ഡലത്തിൽ തിരഞ്ഞെടുത്തത് പാലോട് സർക്കാർ ആശുപത്രിയാണ്. പ്രീ ഫാബ്രിക്കേഷൻ മാതൃകയിൽ നിർമ്മിക്കുന്ന കെട്ടിടത്തിന് കിഫ്ബിയാണ് ഫണ്ട് അനുവദിച്ചത്. കേരള മെഡിക്കൽ കോർപ്പറേഷനാണ് നിർമ്മാണച്ചുമതല. എന്നാൽ ആശുപത്രിയിൽ തന്നെ നിരവധി കെട്ടിടങ്ങൾ ഉദ്ഘാടന മാമാങ്കം നടത്തി അടച്ചിട്ട നിലയിലാണ്. ഇതിനിടയിലാണ് പുതുതായി നിർമ്മിക്കുന്ന കെട്ടിടത്തിനായി ലക്ഷങ്ങൾ വിലമതിക്കുന്ന കൂറ്റൻ മരങ്ങൾ മുറിച്ചു മാറ്റുന്നതിനായി നമ്പർ ഇട്ടിട്ടുള്ളത്. മരങ്ങൾ മുറിക്കുന്നതിനായി സോഷ്യൽ ഫോറസ്ട്രിക്ക് അപേക്ഷ നൽകിയെങ്കിലും അപേക്ഷയിൽ അവ്യക്തത നിലനിൽക്കുന്നതിനാൽ അപേക്ഷ മടക്കി. അറുപത്തിയഞ്ചിലധികം മരങ്ങളാണ് നമ്പർ ഇട്ട് നിറുത്തിയിട്ടുള്ളത്.

പ്രവർത്തനം മാത്രമില്ല

വികസന പദ്ധതികളുടെ മറവിൽ മുൻപും സമാന സംഭവങ്ങൾ ഉണ്ടായിട്ടുണ്ട് എന്നാണ് ആക്ഷേപം. രണ്ട് കോടിയുടെ വികസനമാണ് കഴിഞ്ഞ അഞ്ചു വർഷത്തിനിടയിൽ പാലോട് ആശുപത്രിയിൽ നടപ്പിലാക്കിയത്. ആദിവാസി മേഖലയുടെ ആശ്രയമായ ആശുപത്രിയിൽ പാലിയേറ്റീവ് കെയർ യൂണിറ്റ്, എക്സറെ യൂണിറ്റ്, ഡീ അഡിക്ഷൻ സെന്റർ, പുരുഷൻമാരുടെ വാർഡ് നവീകരണം എന്നിവ നടന്നു. എന്നാൽ വർഷങ്ങൾ പലതു കഴിഞ്ഞിട്ടും ഇപ്പോഴും പ്രവർത്തന സജ്ജമല്ലാത്ത നിലയിലാണ്. കൊവിഡ് രോഗബാധ നിയന്ത്രണാതീതമായി വർദ്ധിച്ച സാഹചര്യത്തിലും ഒരു പരിധിവരെയെങ്കിലും പ്രതിരോധ പ്രവർത്തനങ്ങളിലൂടെ മാതൃകയായ ആശുപത്രിക്കാണ് ഈ ദുർഗതി.