v

തിരുവനന്തപുരം: ജനങ്ങൾ കാഴ്ചക്കാരല്ല, കാവൽക്കാരാണെന്ന സർക്കാർ നയത്തിന് പൊതുമരാമത്ത് വകുപ്പിൽ വിജയത്തുടക്കം. പൊതുമരാമത്ത് പ്രവൃത്തികളുടെ ഗുണമേന്മയും പരിപാലനവും ഉറപ്പ് വരുത്താൻ പൊതുമരാമത്ത് കരാർ വ‌ർക്കുകളിൽ ഏർപ്പെടുത്തിയ ഡി.എൽ.പി പരിഷ്കാരം (ഡിഫക്ട് ലയബിലിറ്റി പീരിയഡ്) ഈമാസം ലക്ഷ്യം കൈവരിക്കും. ദേശീയപാതയിലെ 160 വർക്കുകളും 60 പാലങ്ങളും ഉൾപ്പെടെ സംസ്ഥാനത്തെ 2,150ലേറെ പൊതുമരാമത്ത് വർക്കുകളിൽ നിലവിൽ ഡി.എൽ.പി പീരിഡിലുള്ള 1,300 ലധികം പദ്ധതികളിൽ ഡി.എൽ.പി ബോർഡുകൾ സ്ഥാപിച്ചുകഴിഞ്ഞു. കൊല്ലം, പത്തനംതിട്ട, കോഴിക്കോട് ജില്ലകളിൽ നൂറ് ശതമാനമായ പദ്ധതി ഈമാസം അവസാനത്തോടെ സമ്പൂർണ്ണമാകും. ഈ സർക്കാർ അധികാരത്തിൽ വന്നശേഷം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പ്രത്യേക താത്പ്പര്യമെടുത്താണ് ഡി.എൽ.പി പരിഷ്കാരം നടപ്പാക്കിയത്.

 ഡി.എൽ.പി

നിർമ്മാണപ്രവൃത്തികളിൽ ജനകീയ മോണിറ്ററിംഗ് സാദ്ധ്യമാക്കുന്നതിനുള്ള നടപടികളുടെ തുടക്കമാണ് ഡിഫക്ട് ലയബിലിറ്റി പീരിയഡ് (ഡി.എൽ.പി) പ്രസിദ്ധീകരണം. ഒരു പ്രവൃത്തി നടന്നുകഴിഞ്ഞാൽ, നിശ്ചിത കാലയളവ്‌ വരെയുള്ള അതിന്റെ പരിപാലനംകൂടി പ്രവൃത്തി ഏറ്റെടുത്ത കരാറുകാർ നടത്തണമെന്ന നിയമം നിലവിലുണ്ട്‌. അത് നിർവഹിക്കപ്പെട്ടുവെന്ന്‌ ഉറപ്പുവരുത്താനുള്ള ചുമതല ഉദ്യോഗസ്ഥർക്കുമുണ്ട്‌. പ്രവൃത്തികളുടെ സ്വഭാവമനുസരിച്ച്‌ ആറുമാസംമുതൽ അഞ്ചുവർഷംവരെയാണ് പരിപാലന സമയം.

നിർമ്മാണം പൂർത്തിയാക്കിയ റോഡുകളുടെയും പാലങ്ങളുടെയും രണ്ടറ്റത്തുമാണ് ബോർഡ് സ്ഥാപിക്കുക. നിർമ്മാണത്തകരാറുണ്ടെങ്കിൽ പൊതുജനങ്ങൾക്ക് കരാറുകാരനെയോ ഉദ്യോഗസ്ഥനെയോ അറിയിക്കാം. അവർ ഇടപെടുന്നില്ലെങ്കിൽ ടോൾഫ്രീ നമ്പർ വഴി വിവരം മന്ത്രിയുടെ ഓഫീസിൽ അറിയിക്കാം.

ഡി.എൽ.പി കാലയളവ്

1. കെട്ടിടം,പാലം,റോഡ് നിർമ്മാണത്തിൽ മെക്കാനിക്കൽ, ഇലക്ട്രിക്കൽ, ഇലക്ട്രോണിക് വർക്കുൾപ്പെടെ -5 വർഷം

2. പുതിയ റോഡ് ബി.എം ആൻഡ് ബി.സി സർഫസിംഗ് -3 വർഷം

3. ബി.എം ആൻഡ് ബി.സി അല്ലാത്ത പുതിയറോഡ്- 2 വർഷം

4.ബി.എം ആൻഡ് ബി.സി ഉപരിതലം മിനുക്കൽ- 2 വർഷം

5.ഉപരിതലം മിനുക്കൽ 30 എം.എം കനത്തിൽ ബി.സി- എസ്.ഡി.ബി.സി- 18 മാസം

6.സർഫസ് റിന്യുവൽ 20 എം.എം ചിപ്പിംഗ് കാർപ്പറ്റ്- 1വർഷം

..............................................................

നേട്ടങ്ങൾ

സുതാര്യത

അഴിമതി തടയൽ

ജനങ്ങൾക്ക് പെട്ടെന്ന് പരാതിപ്പെടാനും പരിഹാരം കാണാനും സംവിധാനം

ആവർത്തനച്ചെലവുകൾ കുറയ്ക്കാം

റോഡുകൾക്കും പാലങ്ങൾക്കും കെട്ടിടങ്ങൾക്കും നിർമ്മാണ കാലാവധിയിൽ സംരക്ഷണം.

................................................................

നിർമ്മാണജോലികളുടെ കൃത്യതയും സുതാര്യതയും ഉറപ്പാക്കുന്നതിനൊപ്പം അത്‌ ജനങ്ങളെ ബോദ്ധ്യപ്പെടുത്തുക എന്നതും സർക്കാരിന്റെ ഉത്തരവാദിത്വമാണ്‌. പൊതുമുതലുകൾക്ക്‌ ജനങ്ങൾ ജാഗ്രതയോടെ കാവൽനിൽക്കുന്നിടത്താണ്‌ ജനാധിപത്യം അർത്ഥപൂർണ്ണമാകുക. ഡി.എൽ.പി ബോ‌ർഡ് സ്ഥാപിച്ചശേഷം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി മന്ത്രിയുടെ ഓഫീസിൽ ലഭിച്ച നൂറിലധികം പരാതികൾക്ക് പരിഹാരം കാണാൻ കഴിഞ്ഞിട്ടുണ്ട്.

- പി.എ. മുഹമ്മദ് റിയാസ്,

പൊതുമരാമത്ത് വകുപ്പ് മന്ത്രി.