
തിരുവനന്തപുരം:ജില്ലാ പഞ്ചായത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മെമ്പർ ബിൻഷ ബി.ഷറഫ് വിവാഹിതയാകുന്നു. ഹൈദരബാദിലെ ഡിജിറ്റൽ മാർക്കറ്റിംഗ് കമ്പനിയിൽ ജീവനക്കാരനായ ഷബിൻ എസ്.എസാണ് ബിൻഷയെ ജീവിതസഖിയാക്കുന്നത്.ഈ മാസം 13നാണ് ഇരുപത്തിയേഴുകാരിയായ ബിൻഷയുടെ വിവാഹം.വർക്കല പാം ബീച്ച് റിസോർട്ടിൽ വൈകിട്ട് 4ന് നടക്കുന്ന ചടങ്ങിൽ കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമേ പങ്കെടുക്കൂ. നഗരൂർ ചെമ്മരത്തിമുക്കിൽ ബിൻഷ മൻസിലിൽ ഷറഫുദ്ദീന്റെയും ബിന്ദുവിന്റെയും മകളായ ബിൻഷ കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ ആറായിരത്തോളം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് കല്ലറ ഡിവിഷനിൽ നിന്ന് ജില്ലാ പഞ്ചായത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. മാദ്ധ്യമപ്രവർത്തകയായിരുന്ന ബിൻഷയെ അപ്രതീക്ഷിതമായാണ് സി.പി.ഐ തിരഞ്ഞെടുപ്പ് ഗോദയിലിറക്കിയത്. കൗമുദി ടി.വിയിൽ വാർത്താ അവതാരകയായിരുന്നു.കാരേറ്റ് തളിക്കുഴിയിൽ എസ്.എസ് മൻസിലിൽ ഷാജഹാന്റെയും ഷൈലയുടെയും മകനാണ് ഷബിൻ.
കിളിമാനൂർ ഗവ.ഹയർസെക്കൻഡറി സ്‌കൂളിൽ സഹപാഠികളായിരുന്നു ഷബിനും ബിൻഷയും.തിരഞ്ഞെടുപ്പ് സമയത്ത് ബിൻഷയ്‌ക്കു വേണ്ടി സജീവമായി ഷബിൻ പ്രചാരണ രംഗത്തുണ്ടായിരുന്നു.പന്ത്രണ്ട് വർഷത്തോളമായി നിലനിന്നിരുന്ന സൗഹൃദം ദാമ്പത്യ ജീവിതത്തിലേക്കും തുടരാൻ തീരുമാനിക്കുകയായിരുന്നുവെന്ന് ബിൻഷ കേരളകൗമുദിയോട് പറഞ്ഞു.ഇരുവരുടെയും ആഗ്രഹത്തിനൊപ്പം വീട്ടുകാർ നിന്നെങ്കിലും ജില്ലാ പഞ്ചായത്തിലെ തിരക്കുകളും കൊവിഡും കാരണം വിവാഹം നീളുകയായിരുന്നു. സ്‌ത്രീധന പീഡനങ്ങളെ തുടർന്നുളള മരണങ്ങൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ വിവാഹത്തിന് ഒരു തരി സ്വർണം പോലും വേണ്ടെന്നാണ് ബിൻഷയുടെ തീരുമാനം. ആഗ്രഹത്തിനൊപ്പം ഷബിനും കുടുംബവും ഉറച്ചുനിന്നു. വിവാഹവേദിയിൽ വച്ച് ഇരുവരും അവയവദാന സമ്മതപത്രത്തിൽ ഒപ്പുവയ്‌ക്കും.നിർദ്ധനരായ വിദ്യാർത്ഥികൾക്ക് പഠനോപകരണം വിതരണം ചെയ്യാൻ താത്പര്യമുണ്ടെന്നും ബിൻഷ പറഞ്ഞു.