
ദേശീയപാതയിൽ കഴക്കൂട്ടം - കാരോട് ബൈപാസിലെ ഏറ്റവും തിരക്കേറിയ ജംഗ്ഷനുകളിലൊന്നായ ഈഞ്ചയ്ക്കലിൽ മേൽപ്പാലം നിർമ്മിക്കണമെന്ന ആവശ്യം കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിൻ ഗഡ്‌കരി തത്വത്തിൽ അംഗീകരിച്ചതായുള്ള മന്ത്രി ആന്റണി രാജുവിന്റെ പ്രസ്താവന പകരുന്ന ആശ്വാസം ചെറുതല്ല. തിരുവനന്തപുരം നഗരത്തിലെ വാഹനത്തിരക്കിൽപ്പെടാതെ കോവളം ഭാഗത്തേക്കു പോകാനുതകുന്ന ബൈപാസിൽ വാഹന യാത്രക്കാരെ അക്ഷരാർത്ഥത്തിൽ പരീക്ഷിക്കുന്ന ജംഗ്ഷനാണ് ഈഞ്ചയ്ക്കൽ. തിരക്കേറിയ സമയങ്ങളിൽ ചിലപ്പോൾ അരമണിക്കൂറെടുക്കും ഇവിടം കടന്നുകിട്ടാൻ. യാത്രാസമയം കുറയ്ക്കാനുദ്ദേശിച്ചാണ് ബൈപാസ് നിർമ്മിക്കുന്നത്. എന്നാൽ ദൂരക്കാഴ്ചയില്ലാത്ത ആസൂത്രണം കാരണം ബൈപാസ് മുറിച്ചു കടക്കുന്ന നഗരപാതകളുടെ സംഗമകേന്ദ്രങ്ങൾ വൻ ഗതാഗതക്കുരുക്കിൽ കുടുങ്ങിപ്പോകുന്ന അവസ്ഥയാണുള്ളത്.
ബൈപാസ് നിർമ്മിക്കുന്നതിനൊപ്പം ഓരോ പ്രധാന ജംഗ്ഷനുകളിലും ശരിയായ ട്രാഫിക് തിരക്ക് പഠിച്ച് ആവശ്യമായിടത്തെല്ലാം അണ്ടർപാസോ മേൽപ്പാലമോ നിർമ്മിക്കാത്തതുകൊണ്ടാണ് ബൈപാസ് പൂർത്തിയായശേഷം പ്രശ്നങ്ങൾ ഉയരുന്നത്. ഈഞ്ചയ്ക്കലിൽത്തന്നെ തിരക്ക് മുൻകൂട്ടിക്കണ്ട് അടിപ്പാത നിർമ്മിക്കാനുള്ള നിർദ്ദേശം പദ്ധതിയിൽ ഉൾപ്പെട്ടിരുന്നതാണ്. എന്നാൽ അടിപ്പാതയ്‌ക്കെതിരെ സ്ഥലത്തെ ഏതാനും പേർ രാഷ്ട്രീയ പാർട്ടികളെ കൂട്ടുപിടിച്ച് പ്രതിഷേധം സംഘടിപ്പിച്ചതോടെ ദേശീയപാത അതോറിട്ടി ആ നിർദ്ദേശം ഉപേക്ഷിക്കുകയാണുണ്ടായത്. ബൈപാസ് വഴിയുള്ള ഗതാഗതം പൂർണതോതിലായപ്പോഴാണ് അബദ്ധം മനസിലാകുന്നത്. അടിപ്പാതയോ മേൽപ്പാലമോ ഇല്ലാതെ ഇവിടം ഗതാഗതക്കുരുക്കിൽ നിന്ന് ഒരുകാലത്തും മോചിതമാകാൻ പോകുന്നില്ലെന്ന് വ്യക്തമായിക്കഴിഞ്ഞു. മേൽപ്പാലത്തിന് തത്വത്തിൽ കേന്ദ്ര അനുമതിയായിട്ടുണ്ടെന്നാണ് സംസ്ഥാന ഗതാഗതമന്ത്രി ആന്റണി രാജു ഡൽഹിയിൽ നിന്നു മടങ്ങിയെത്തിയപ്പോൾ പറഞ്ഞത്. തത്വത്തിലാണെങ്കിലും അല്ലെങ്കിലും ഏതുവിധേനയും ഈഞ്ചയ്ക്കലിൽ അടിയന്തരമായി മേൽപ്പാലമോ അടിപ്പാതയോ നിർമ്മിക്കേണ്ടത് സുഗമമായ ഗതാഗതത്തിന് ഒഴിച്ചുകൂടാനാവാത്തതായി മാറിക്കഴിഞ്ഞു. മേൽപ്പാല നിർമ്മാണത്തിന് ഇനി നടപടി എടുക്കുമ്പോഴും എതിർപ്പ് ഉയർന്നെന്നുവരാം. അത് മുൻകൂട്ടിക്കണ്ട് എല്ലാവരുടെയും സഹകരണം ഉറപ്പാക്കാൻ കഴിയണം. മാറ്റമില്ലാത്ത സമയക്രമം നിശ്ചയിച്ചുവേണം ഇതിന്റെ പണി തുടങ്ങാൻ. മേൽപ്പാല നിർമ്മാണച്ചെലവ് ആരു വഹിക്കുമെന്നതിലും തർക്കങ്ങൾ ഉയരാം. ദേശീയപാത അതോറിട്ടി അതിനു തയ്യാറാവുന്നില്ലെങ്കിൽ സംസ്ഥാനം അതിനുള്ള ചെലവ് വഹിക്കണം. കാരണം അടിപ്പാത നിർദ്ദേശം ഉപേക്ഷിച്ചതിൽ സംസ്ഥാന സർക്കാരിനും പങ്കുണ്ട്.
വേണ്ടത്ര ദൂരക്കാഴ്ചയില്ലാത്തതിന്റെ ദോഷം ബൈപാസിൽ ഉടനീളം കാണാനുണ്ട്. കഴക്കൂട്ടം മുതൽ കോവളം വരെയുള്ള ബൈപാസ് നിർമ്മാണം പൂർത്തിയായി ഗതാഗതം പൂർണ നിലയിൽ ആരംഭിച്ചപ്പോഴാണ് വൻ തിരക്കനുഭവപ്പെടുന്ന കഴക്കൂട്ടത്തും ടെക്നോപാർക്കിനു മുന്നിലും മേൽപ്പാലം അനിവാര്യമാണെന്നു ബോദ്ധ്യമായത്. നിർമ്മാണം പൂർത്തിയായ പാത കുത്തിക്കിളച്ച് രണ്ടുവർഷത്തിലേറെയായി അവിടെ മേൽപ്പാല നിർമ്മാണം നടന്നുവരികയാണ്. അടിപ്പാതകൾക്കു വേണ്ടിയുള്ള മുറവിളി പല സ്ഥലത്തും ഉയരുന്നുണ്ട്. ചില സ്ഥലങ്ങളിൽ അവ നിർമ്മിക്കേണ്ടിവന്നിട്ടുമുണ്ട്. ഇനിയുമുണ്ട് അത്യാവശ്യമായി അടിപ്പാത വരേണ്ട സ്ഥലങ്ങൾ. ബൈപാസിന്റെ പ്ളാൻ തയ്യാറാക്കിയ ഘട്ടത്തിൽ പരിഗണിക്കപ്പെടേണ്ടിയിരുന്ന കാര്യങ്ങളാണിതൊക്കെ.
നഗരം വിട്ട് ബൈപാസുകൾ നിർമ്മിക്കുന്നതുതന്നെ തടസങ്ങളില്ലാതെ ഗതാഗതം വേഗത്തിലാക്കാൻ വേണ്ടിയാണ്. നഗര റോഡുകൾ മുറിച്ചുകടക്കുന്ന ഭാഗങ്ങളിൽ ആവശ്യമായിടത്തെല്ലാം മേൽപ്പാലമോ അടിപ്പാതയോ ആണ് ഇതിനു പ്രതിവിധി. ബൈപാസ് നിർമ്മാണം കഴിഞ്ഞ് അതിനെക്കുറിച്ച് ആലോചിക്കാൻ നിന്നാൽ എല്ലാം ആദ്യം മുതലേ തുടങ്ങേണ്ടിവരും. തിരുവനന്തപുരം ബൈപാസിൽ സംഭവിച്ചത് അതാണ്. അധിക ചെലവ് മാത്രമല്ല, പൊതുജനങ്ങൾക്കുണ്ടാകുന്ന ബുദ്ധിമുട്ടുകളും ചെറുതായിരിക്കില്ല.