
നെടുമങ്ങാട്: പച്ചക്കറി നൽകി ഏഴുമാസത്തോളമായിട്ടും നെടുമങ്ങാട് അന്താരാഷ്ട്ര മാർക്കറ്റിലെ ഹോർട്ടികോർപ്പിൽ നിന്ന് കർഷകർക്ക് തുക ലഭിക്കുന്നില്ലെന്ന് പരാതി. ഇതിൽ പ്രതിഷേധിച്ച് കർഷകർ മൊത്തവിതരണ കേന്ദ്രത്തിൽ പ്രതിഷേധ സമരം സംഘടിപ്പിച്ചു.
നെടുമങ്ങാട് കാർഷിക മൊത്തവ്യാപാര വിപണിയിൽ കാർഷിക ഉല്പന്നങ്ങൾ ലേലത്തിനായി കൊണ്ടുവരുന്നത് മുഴുവനും ശേഖരിക്കുന്നത് സർക്കാർ ഉടമസ്ഥതയിലുള്ള ഹോർട്ടികോർപ്പാണ്. എന്നാൽ യഥാസമയം വില നൽകുന്നതിൽ ഹോർട്ടികോർപ്പ് തുടർച്ചയായി വീഴ്ച വരുത്തുകയാണ്. നിലവിൽ 2021 ആഗസ്റ്റ് മാസം മുതലുള്ള തുകയാണ് കർഷകർക്ക് ലഭിക്കാനുള്ളത്. ഇക്കാര്യം ആവശ്യപ്പെട്ട് വിപണി വകുപ്പ് അധികൃതർക്കും കൃഷി വകുപ്പ് മന്ത്രിക്കും നിരവധി പ്രാവശ്യം രേഖാമൂലം പരാതി നൽകിയെങ്കിലും ഒരു ഫലമുണ്ടായില്ല.
കൊവിഡ് മഹാമാരിയും മഴക്കെടുതിയും കർഷകർക്ക് തീരാനഷ്ടമാണ് വരുത്തിയത്. എന്നിട്ടും ഒരു സഹായവും ഹോർട്ടികോർപ്പിൽ നിന്ന് ലഭിച്ചില്ലെന്നാണ് കർഷകർ പറയുന്നത്.
കർഷകർ കൊണ്ടു വരുന്ന ഉല്പന്നങ്ങൾക്ക് ലേല ദിവസത്തിന്റെ തൊട്ടടുത്ത ദിവസം തന്നെ തുക നൽകണമെന്ന സർക്കാർ നിർദ്ദേശം നിലവിലുണ്ട്. എന്നിട്ടും ഇത് ഹോർട്ടികോർപ്പ് പാലിക്കുന്നില്ല. കർഷകർക്ക് ഇതിനാൽ കൃത്യസമയത്ത് ബാങ്ക് ലോൺ അടയ്ക്കാൻ പോലും കഴിയുന്നില്ല. നെടുമങ്ങാട് മൊത്തവിതരണ കേന്ദ്രത്തിൽ മാത്രം കർഷകർക്ക് 90 ലക്ഷം രൂപയോളം നൽക്കാനുണ്ട്. മലയോര മേഖലയിലെ കർഷകർ ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന മൊത്തവിതരണ കേന്ദ്രത്തിൽ നേരത്തെ 1200 കർഷകരുണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോൾ 250ൽ താഴെ കർഷകരാണുള്ളത്.