bx

താരനിരയിൽ നിന്നു പുതിയ പാട്ടുകാരായി ദർശന രാജേന്ദ്രനും, ഗായത്രി സുരേഷും ജോണി ആന്റണിയും രമേഷ് പിഷാരടിയും. വിനീത് ശ്രീനിവാസൻ രചനയും സംവിധാനവും നിർവഹിച്ച് പ്രണവ് മോഹൻലാൽ നായകനായി എത്തിയ ഹൃദയം സിനിമയിൽ ദർശന രാജേന്ദ്രൻ പാടിയ ദർശനാ എന്ന ഗാനം ഇപ്പോഴും വൻ തരംഗമായി തുടരുന്നു.

സിനിമ പുറത്തിറങ്ങും മുമ്പേ ആസ്വാദക ഹൃദയം ഏറ്റെടുത്ത പാട്ടാണിത്. അരുൺ ഏളാട്ടിന്റെ വരികൾക്ക് സംഗീതം നൽകിയത് ഹിഷാം അബ്ദുൾ വഹാബാണ്. ഹിഷാമിനൊപ്പമാണ് ചിത്രത്തിലെ നായിക കൂടിയായ ദർശന ഗാനം ആലപിച്ചത്. അഭിനയം പോലെ ദർശനയുടെ ആലാപനവും ഏറെ ഹൃദ്യമെന്ന് ആസ്വാദകർ വിലയിരുത്തുകയും ചെയ്തു. വിനു കോളിച്ചൽ സംവിധാനം ചെയ്ത സർക്കാർ സർക്ക 2020 എന്ന ചിത്രത്തിലാണ് ദർശന ആദ്യമായി പാട്ട് പാടുന്നത്.

നടി എന്ന നിലയിലും ദർശന തിളങ്ങുകയാണ്. നായികയായി അഭിനയിക്കുന്ന എസ്‌കേപ്പ് എന്ന ചിത്രത്തിലൂടെയാണ് ഗായത്രി സുരേഷ് പിന്നണി ഗായികയാവുന്നത്. ജാസി ഗിഫ്ടിനൊപ്പമാണ് ഗായത്രി ഗാനം ആലപിച്ചത്. സാനന്ദ് ജോർജ് ഗ്രേസ് സംഗീത സംവിധാനം നിർവഹിച്ച ഗാനത്തിന്റെ വരികൾ എഴുതിയത് വിനു വിജയ് ആണ്.എസ് കേപ്പിൽ ഗായത്രി സുരേഷ് ആലപിച്ച ഗാനം ഇന്നലെ പുറത്തിറങ്ങി. ഹിറ്റുകളുടെ സംവിധായകൻ എന്ന വിലാസത്തിനൊപ്പം താരമായും തിളങ്ങുന്ന ജോണി ആന്റണി ആദ്യമായി പാട്ടുകാരായി മാറിയത് തിരിമാലി എന്ന ചിത്രത്തിലൂടെയാണ്. 'ഭാഗ്യം നെറും തലയ്ക്കുമേലുദിക്കുമോ' എന്ന പാട്ട് പാടി ജോണി ആന്റണി തകർത്തു. നടന്മാരായ ബിബിൻ ജോർജും ധർമ്മജനും ഒപ്പം പാടുന്നുണ്ട്. എന്നാൽ ഇരുവരും മുൻപ് പാട്ടുകൾ പാടിയിട്ടുണ്ട്. മാദ്ധ്യമപ്രവർത്തകർ വിവേക് മുഴക്കുന്നാണ് ജോണി ആന്റണി പാട്ടിന്റെ എഴുത്തുകാരൻ. ശ്രീജിത്ത് ഇടവന ആണ് സംഗീത സംവിധാനം. നടനും സംവിധായകനും അവതാരകനുമായ രമേഷ് പിഷാരടി ആദ്യമായി പിന്നണി ഗായകനാകുന്ന പാട്ട് അർച്ച 31 നോട്ടൗട്ട് എന്ന ചിത്രത്തിലൂടെയാണ്. മനസുനോ എന്നാരംഭിക്കുന്ന ഗാനം പുറത്തിറങ്ങിയപ്പോൾ ഏറെ ഹൃദ്യമായി ശ്രോതാക്കൾക്ക് അനുഭവപ്പെടുകയും ചെയ്തു. മാത്തൻ, ജെയിംസ് എന്നിവരുടെ വരികൾക്ക് മാത്തൻ സംഗീതം പകരുന്നു. താരനിരയിൽ നിന്ന് പാട്ടുവഴിയിൽ ആരായിരിക്കും ഇനി ചുവടുവയ്ക്കുക എന്നു ഉറ്റുനോക്കുകയാണ് ആസ്വാദകലോകം.