v

തിരുവനന്തപുരം: പറവൂരിൽ മാല്യങ്കരയിലെ മത്സ്യത്തൊഴിലാളിയായ സജീവന്റെ ആത്മഹത്യയ്ക്ക് ഉത്തരവാദി സർക്കാരാണെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ എം.പി പ്രസ്താവിച്ചു.

ചുവപ്പുനാടയിൽക്കുടുങ്ങി ഒരു ജീവൻ കൂടി നഷ്ടപ്പെടാനിടയാക്കിയത് സർക്കാരിന്റെ പിടിപ്പുകേട് കൊണ്ടാണ്. അഴിമതിക്കാരായ ഉദ്യോഗസ്ഥർക്ക് സർക്കാർ സംരക്ഷണം നൽകുന്നതാണ് ഇത്തരം ദൗർഭാഗ്യകരമായ സംഭവങ്ങൾ തുടർക്കഥയാകുന്നതിന് കാരണം.

ഒാരോ ഫയലും ഓരോ ജീവിതമാണെന്ന് ജീവനക്കാരെ ബോധവത്ക്കരിച്ച മുഖ്യമന്ത്രിക്ക് സജീവന്റെ മരണത്തിന്റെ ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞു മാറാനാകില്ല. ഭരണസ്തംഭനം താഴെത്തട്ടിൽവരെയെത്തിയെന്നതിന് തെളിവാണ് സജീവന്റെ മരണം. ദിവസങ്ങൾക്ക് മുമ്പാണ് എം.ജി സർവ്വകലാശായിൽ ഇടതുപക്ഷ അനുകൂല ജീവനക്കാരി കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസിന്റെ പിടിയിലായത്.

സജീവന്റെ ആത്മഹത്യയ്ക്ക് ഉത്തരവാദികളായ ഉദ്യോഗസ്ഥരെ സാങ്കേതികത്വം ചൂണ്ടിക്കാട്ടി സംരക്ഷിക്കാനാണ് സർക്കാരും റവന്യുമന്ത്രിയും ശ്രമിക്കുന്നത്. സർക്കാർ സംവിധാനങ്ങളുടെ മെല്ലപ്പോക്ക് നടപടികളുടെ ഇരയാണ് ആത്മഹത്യ ചെയ്ത സജീവനെന്നും അദ്ദേഹത്തിന്റെ കുടുംബത്തിന് അർഹമായ നഷ്ടപരിഹാരം നൽകാൻ സർക്കാർ തയ്യാറാകണമെന്നും സുധാകരൻ പറഞ്ഞു.