
കടയ്ക്കാവൂർ: കേരള കൗമുദി വാർത്ത തുണയായി. വൈകിയെങ്കിലും വെള്ളക്കെട്ടിന് പരിഹാരമാകുന്നു. അഞ്ചുതെങ്ങ് പോസ്റ്റ് ഓഫീസിന് സമീപം അമ്മൻ കോവിൽ, പിള്ളയ്ക്കവിളാകം, മാമൂട് പ്രദേശങ്ങൾ മഴക്കാലമായാൽ വെള്ളക്കെട്ടായി മാറും. പല സ്ഥലങ്ങളിലും ഏതാണ്ട് മുട്ടിന് മുകളിൽ വെള്ളം പൊങ്ങാറുണ്ട്. നൂറോളം വീടുകൾക്കാണ് വെള്ളക്കെട്ടിൽ അപകട ഭീഷണിയുണ്ടാകുക.
2016ൽ അന്നത്തെ വാർഡ് മെമ്പറായിരുന്ന എസ്. പ്രവീൺ ചന്ദ്ര ഇത് പരിഹരിക്കാൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മന്ത്രിക്ക് നിവേദനം നൽകി. വെള്ളക്കെട്ട് കാരണം കഷ്ടപ്പെടുന്ന ആളുകളുടെയും അപകട ഭീഷണിയിലാകുന്ന വീടുകളുടെയും ദയനീയ അവസ്ഥ കേരള കൗമുദി വാർത്തയാക്കി. അന്നത്തെ ജില്ലാ കളക്ടർ ബിജു പ്രഭാകരും മുതിർന്ന ഉദ്യോഗസ്ഥരും ഈ പ്രദേശത്തെ വെള്ളക്കെട്ടുകൾ സന്ദർശിച്ചു. ഇതിന് ശ്വാശതപരിഹാരം കാണുമെന്ന് പ്രദേശവാസികൾക്കും വാർഡ് മെമ്പർക്കും കേരളകൗമുദി ലേഖകനും ഉറപ്പ് നൽകി.
അഞ്ചുതെങ്ങ് പോസ്റ്റ് ഓഫീസിന് സമീപമുള്ള ഓടയിൽ കൂടി വെള്ളം ശരിയായി പോകാത്തതാണ് വെള്ളക്കെട്ടിന് ഒരു കാരണമായത്. ഇത് വഴി ജലം ഒഴുകി കായലിൽ എത്തുന്നതിന് ഈ കലിങ്ക് അടഞ്ഞത് കാരണം സാധിക്കുമായിരുന്നില്ല. ഒരു വലിയ കുഴലാണ് ഈ കലിങ്കിന് അടിയിലുള്ളത്. ഇത് ചെളികൾ മൂടി അടഞ്ഞ അവസ്ഥയിലാണ്. കുഴലായതിനാൽ അകത്ത് കയറി വൃത്തിയാക്കാനും സാധിക്കില്ല.
ഓടയുടെ പുനർ നിർമ്മാണം കഴിഞ്ഞ ദിവസം മുതൽ ആരംഭിച്ചു. ഒരുമാസത്തിനകം പണി പൂർണമാകുന്നതോടെ മഴക്കാലത്തുണ്ടാകുന്ന ജലം ഈ ഓടയിലൂടെ ഒഴുകി അഞ്ചുതെങ്ങ് കായലിലെത്തും. ഇതോടെ ഈ പ്രദേശത്തെ വെള്ളക്കെട്ടിന് ശാശ്വത പരിഹാരം ഉണ്ടാകും.
പണി നടക്കുന്നതിനാൽ മീരാൻ കടവ് മുതൽ അഞ്ചുതെങ്ങ് ജംഗ്ഷൻ വരെയുള്ള ഗതാഗതം നിരോധിച്ചിരിക്കുകയാണ്. നല്ല നിലയിൽ പണി പൂർത്തിയാക്കി എത്രയും വേഗം ഇതുവഴിയുള്ള ഗതാഗതം പുനരാരംഭിക്കണമെന്നുള്ളതാണ് നാട്ടുകാരുടെ ആവശ്യം.