
തിരുവനന്തപുരം:മലയാളികളുടെ ഇഷ്‌ടവിഭവമായ മീൻ പുതിയ സാദ്ധ്യതകൾ തുറക്കുമെന്ന പ്രതീക്ഷയിൽ ഒട്ടനവധി സംരംഭകർ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ മത്സ്യവിപണന കേന്ദ്രങ്ങൾ തുടങ്ങി.കഴിഞ്ഞദിവസം സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്റെ മകൻ ബിനോയ് കോടിയേരി കുറവൻകോണത്ത് 'മീൻസ് എവരിത്തിംഗ്' എന്ന പേരിൽ പുതിയ സംരംഭം തുടങ്ങിയിരുന്നു.പ്രധാന ജംഗ്ഷനുകളിലെ വിപണനകേന്ദ്രങ്ങളിലും ലുലുമാളിലും അടക്കം മീൻ വാങ്ങാൻ നഗരവാസികളുടെ നീണ്ടനിരയാണ്.അമ്പതിലധികം ആധുനിക മത്സ്യവിപണന കേന്ദ്രങ്ങളാണ് തലസ്ഥാന നഗരത്തിൽ പ്രവർത്തിക്കുന്നത്.വിഴിഞ്ഞം,വലിയതുറ,പെരുമാതുറ,നീണ്ടകര എന്നിവിടങ്ങളിൽ നിന്ന് പുലർച്ചെ സംഭരിക്കുന്ന മീനുകളാണ് വിപണിയിലെത്തുന്നത്.രാവിലെ ഏഴുമുതൽ രാത്രി വരെയും വിപണന കേന്ദ്രങ്ങൾ തുറന്നിരിക്കും.
വെറൈറ്റി മീനുകൾ
നഗരവാസികൾ സ്ഥിരം രുചിച്ചിരുന്ന മീനുകൾക്കുപകരം വ്യത്യസ്‌ത മീനുകൾ മാർക്കറ്റിലെത്തിച്ചതോടെയാണ് ആധുനിക മത്സ്യവിപണന കേന്ദ്രങ്ങളിൽ തിരക്ക് വർദ്ധിച്ചത്. നെത്തോലിയും ചൂരയും ചാളയും രുചിച്ച് ശീലിച്ച തലസ്ഥാനവാസികൾക്ക് വെറൈറ്രി മീനുകളുടെ ചാകരയാണ് ഇവർ സമ്മാനിക്കുന്നത്. കടൽ മീനുകൾക്കൊപ്പം കായൽ മീനുകളും പുഴ മീനുകളും ചിലയിടങ്ങളിൽ ലഭിക്കും. നെത്തോലി മുതൽ കിംഗ് ഫിഷ് വരെ ബഡ്‌ജറ്റിന് അനുസരിച്ച് മീനുകൾ വാങ്ങാം.കഷ്‌ണങ്ങളാക്കിയും പൊരിക്കാൻ പാകത്തിൽ മസാല പുരട്ടിയും ബോക്‌സുകളിൽ മീൻ നൽകുന്ന കടകളുമുണ്ട്.
ഡെലിവറി ബോയ്‌സ് തിരക്കിലാണ്
കൊവിഡ് സംസ്ഥാനത്ത് പൊട്ടിപുറപ്പെട്ടതോടെ പരമ്പരാഗത മീൻ വിപണനകേന്ദ്രങ്ങളിലേക്ക് ഒരുവിഭാഗം ഉപഭോക്താക്കൾ പോകാതെയായെന്നാണ് കച്ചവടക്കാരുടെ കണക്കുകൂട്ടൽ.തിരക്കില്ലാതെ ശുചിയായ പരിസരത്ത് നിന്ന് മീൻ വാങ്ങാമെന്നതാണ് ആധുനിക മത്സ്യവിപണന കേന്ദ്രങ്ങളുടെ മുതൽക്കൂട്ടെന്ന് ആക്കുളത്ത് 'അച്ചൂസ്' എന്ന മീൻ വിപണന കേന്ദ്രം നടത്തുന്ന രാജേഷ് പറയുന്നു.മൂന്നാം തരംഗം പിടിമുറുക്കിയതോടെ ഡെലിവറി ബോയ്‌സിന് പണികൂടി ബുക്ക് ചെയ‌്താൽ ഒരു മണിക്കൂറിനുളളിൽ മീനുമായി ഇവർ വീട്ടുപടിക്കലെത്തും.
മീൻ വിഭവങ്ങളും സുലഭം
വെജിറ്റേറിയൻ അച്ചാറുകൾ പോലെ മീൻ അച്ചാറുകളും നഗരവാസികൾക്ക് പ്രിയങ്കരമായി മാറിയിരിക്കുകയാണെന്നാണ് സംരംഭകർ പറയുന്നത്.അതേസമയം,ഉണക്കമീനിന് ഡിമാൻഡ് കുറഞ്ഞെന്നും പറയപ്പെടുന്നു.മീൻ വാങ്ങാൻ വരുന്ന പലരും അച്ചാറുകളും തിരക്കി തുടങ്ങിയതോടെ വിപണന കേന്ദ്രങ്ങളിൽ ചിലർ ഇതിനായി ചെറുയൂണിറ്റുകൾ ആരംഭിച്ചിട്ടുണ്ട്. മീൻ അച്ചാറുകളിൽ ആവശ്യക്കാർ കൂടുതലും ചൂരയ്‌ക്കാണ്.
നഗരത്തിലെ മീൻവില (കിലോ)
കേര ചൂര - 490
അമൂർ- 450
കിളി മീൻ- 380
മോദ- 690
ചീലാവ്- 550
മഞ്ഞ പീല - 400
കൊഴിയാള- 290
അയല - 350
വാള - 560
കറുത്ത ആവോലി- 890
നെയ്‌മീൻ - 1050
വിപണി വിപുലീകരിക്കാൻ ബിനോയ്
സംസ്ഥാനത്തെ മറ്റ് ജില്ലകളിലേയ്‌ക്ക് 'മീൻസ് എവരിത്തിംഗ്' വ്യാപിപ്പിക്കുന്നതിന് മുമ്പ് തിരുവനന്തപുരത്ത് തന്നെ കൂടുതൽ വിൽപ്പനശാലകൾ തുറക്കാനാണ് ആലോചിക്കുന്നതെന്ന് ബിനോയ് കോടിയേരി കേരളകൗമുദിയോട് പറഞ്ഞു.തിരുവനന്തപുരത്തെ റൂറൽ ഏരിയകൾ കേന്ദ്രീകരിച്ചായിരിക്കും ഷോറൂമുകൾ.മാർക്കറ്റിൽ മീനിന് എപ്പോഴും ഡിമാൻഡുണ്ട്.എവിടെ കച്ചവടം നടത്തിയാലും മികച്ച വിൽപ്പന ലഭിക്കും.നല്ല മീനുകളുണ്ടെങ്കിൽ ആളുകൾ വാങ്ങാൻ തയ്യാറാണെന്നും ബിനോയ് പറഞ്ഞു.
കരുത്തറിയിച്ച് മത്സ്യഫെഡും
മത്സ്യഫെഡിന്റെ മൊബൈൽ ഫിഷ് മാർട്ടായ 'അന്തിപ്പച്ച' യൂണിറ്റുകളിലും മീൻ വാങ്ങാൻ വൻ തിരക്കാണ്.ചില ദിവസങ്ങളിൽ ഒരു ലക്ഷം രൂപയ്‌ക്ക് മുകളിൽ ഇവിടങ്ങളിൽ കച്ചവടം നടക്കാറുണ്ട്.matsyafed Fresh meen എന്ന വെബ്സൈറ്റിലൂടെയും പ്ലേ സ്റ്രോർ വഴിയും ഓൺലൈനായി മീൻ ലഭിക്കും.