തിരുവനന്തപുരം: ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയറ്റിൽ ജീവനക്കാർക്ക് ഏറെ ഉപയോഗപ്രദമായിരുന്ന റെയിൽവേ റിസർവേഷൻ സെന്റർ പൂട്ടുന്നു. അനക്‌സ് 2ലെ ആദ്യ ഫ്ളോറിൽ പ്രവർത്തിക്കുന്ന റിസർവേഷൻ കേന്ദ്രമാണ് പ്രവർത്തനം നിറുത്തുന്നത്. ഇതുസംബന്ധിച്ച ഉത്തരവ് പൊതുഭരണ വകുപ്പ് 7ന് പുറത്തിറക്കും. റെയിൽവേയുമായുള്ള കരാറിന്റെ അടിസ്ഥാനത്തിലായിരുന്നു കൗണ്ടർ പ്രവർത്തിച്ചിരുന്നത്. മൂന്ന് വർഷം കൂടുമ്പോഴാണ് കരാർ പുതുക്കുക. കാലാവധി അവസാനിക്കുന്ന സാഹചര്യത്തിൽ കരാർ പുതുക്കേണ്ടെന്നും ഇനിമുതൽ ജീവനക്കാർ ഓൺലൈൻ വഴി ടിക്കറ്റ് ബുക്ക് ചെയ്താൽ മതിയെന്നുമാണ് പൊതുഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കെ.ആർ. ജ്യോതിലാലിന്റെ നിർദ്ദേശം. 2011ൽ ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്താണ് സെക്രട്ടേറിയറ്റിൽ റിസർവേഷൻ സെന്റ‍ർ സ്ഥാപിച്ചത്. ഹൈക്കോടതിയിലെ കേസുകളടക്കം ഔദ്യോഗിക ആവശ്യങ്ങൾക്കായി ജീവനക്കാർക്ക് മറ്റ് ജില്ലകളിലേക്ക് പോകേണ്ട സാഹചര്യം വരുമ്പോൾ വേഗത്തിൽ തത്കാൽ അടക്കമുള്ള ടിക്കറ്റുകൾ റിസർവ് ചെയ്യാൻ ജീവനക്കാർ ആശ്രയിച്ചിരുന്നത് ഈ റിസർവേഷൻ സെന്ററിനെയാണ്. അന്യജില്ലകളിലുള്ള ജീവനക്കാർ ആഴ്ചാവസാനം വീട്ടിൽ പോകുന്നതിന് ടിക്കറ്റ് റിസർവ് ചെയ്യുന്നതും ഇവിടെനിന്നാണ്. മറ്റ് ജില്ലകളിൽ നിന്ന് വിവിധ ആവശ്യങ്ങൾക്ക് സെക്രട്ടേറിയറ്റിലെത്തുന്നവരും റിസർവേഷൻ സംവിധാനം പ്രയോജനപ്പെടുത്തിയിരുന്നു. റിസർവേഷൻ കൗണ്ടർ പൂട്ടുന്നതിനെതിരെ ജീവനക്കാർക്കിടയിൽ വ്യാപക പ്രതിഷേധം ഉയർന്നിട്ടുണ്ട്. ഓൺലൈൻ വഴി ടിക്കറ്റ് റിസർവ് ചെയ്യുമ്പോൾ ബുക്കിംഗ് ചാർജ്ജ് കൂടി നൽകണം. മാത്രമല്ല ഓൺലൈൻ വഴി ഒരാൾക്ക് ഒരു മാസം റിസർവ് ചെയ്യാവുന്ന ടിക്കറ്റുകൾ ഏഴെണ്ണമായും റെയിൽവേ പരിമിതപ്പെടുത്തിയിട്ടുണ്ട്. ഇതും തിരിച്ചടിയാണെന്ന് ജീവനക്കാർ പറയുന്നു.