ആറ്റിങ്ങൽ: സിൽവർലൈൻ പദ്ധതിക്ക് അനുമതി നൽകില്ലെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കിയിട്ടും ആറ്റിങ്ങൽ മേഖലയിൽ കെ റെയിൽ ഉദ്യോഗസ്ഥർ പൊലീസുകാരുടെ സഹായത്തോടെ സ്ഥലമേറ്റെടുക്കൽ നടപടികളുമായി മുന്നോട്ടുപോകുകയാണെന്നും ഇതിനുപിന്നിൽ സി.പി.എം - ഭൂമാഫിയ കൂട്ടുകെട്ടാണെന്നും ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.പി. സുധീർ വാർത്താസമ്മേളനത്തിൽ ആരോപിച്ചു.
ആറ്റിങ്ങലിൽ കല്ലിടൽ എതിർത്ത സ്ത്രീകൾ ഉൾപ്പെടെയുള്ളവരെ കൈയേറ്റം ചെയ്‌ത് കള്ളക്കേസിൽ കുടുക്കുകയാണ്. എം.എൽ.എയും സി.പി.എം ജില്ലാ നേതൃത്വവും റിയൽ എസ്റ്റേറ്റ് മാഫിയയും തമ്മിലുള്ള കൂട്ടുകച്ചവടമാണ് ആറ്റിങ്ങലിൽ നടക്കുന്നതെന്നും സുധീർ ആരോപിച്ചു.
പദ്ധതിക്കുവേണ്ടിയുള്ള സ്ഥലമേറ്റെടുക്കൽ നടപടികളും സർവേ കല്ലിടുന്നതും അടിയന്തരമായി നിറുത്തിവക്കാൻ തയ്യാറാകണമെന്നും പൊലീസിനെ ഉപയോഗിച്ച് നടപടികളുമായി മുന്നോട്ടുപോയാൽ ശക്തമായ ചെറുത്തുനില്പിനും പ്രക്ഷോഭത്തിനും ബി.ജെ.പി നേതൃത്വം നൽകുമെന്നും അദ്ദേഹം പറഞ്ഞു. വാർത്താസമ്മേളനത്തിൽ മണ്ഡലം വൈസ് പ്രസിഡന്റ് അജിത് പ്രസാദ്, മണ്ഡലം ജനറൽ സെക്രട്ടറി സുജി. എസ്, വക്കം അജിത്ത് എന്നിവർ പങ്കെടുത്തു.