news

തിരുവനന്തപുരം: കണ്ണൂർ വി. സിയായി ഡോ.ഗോപിനാഥ് രവീന്ദ്രനെ പുനർനിയമിക്കാൻ ഗവർണർക്ക് കത്ത് നൽകിയതിൽ മന്ത്രി ആർ.ബിന്ദുവിന് ലോകായുക്ത ക്ലീൻചിറ്റ് നൽകിയെങ്കിലും, പുനർനിയമനത്തിന്റെ നിയമസാധുത ഹൈക്കോടതി ഡിവിഷൻ ബെഞ്ച് 8ന് പരിഗണിക്കും.

മുഖ്യമന്ത്രിയും മന്ത്രി ബിന്ദുവുമാണ് നിയമനത്തിന് മുൻകൈയെടുത്തതെന്നും തന്നെ സമ്മർദ്ദത്തിലാക്കി നിയമവിരുദ്ധമായ ഉത്തരവിറക്കിച്ചെന്നുമാണ് ഗവർണറുടെ നിലപാട്. പുനർനിയമനത്തിൽ തെറ്റില്ലെന്നും നിയമനം നടത്തിയത് ചാൻസലറാണെന്നുമാണ് സർക്കാർ നിലപാട്.

പുനർനിയമനം നിയമപരമാണോയെന്നല്ല, മന്ത്രി ബിന്ദുവിന്റെ കത്തുകൾ സ്വജനപക്ഷപാതവും അഴിമതിയുമാണെന്ന ഹർജിയാണ് ലോകായുക്ത പരിഗണിച്ചത്.

സെർച്ച്കമ്മിറ്റി റദ്ദാക്കി നിലവിലെ വി.സിക്ക് പുനർനിയമനം നൽകുന്നത് നിയമപരമോയെന്ന് പലവട്ടം സർക്കാരിനോട് ചോദിച്ചെന്നും അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം കാട്ടിയും ഉന്നതവിദ്യാഭ്യാസ മന്ത്രി, മുഖ്യമന്ത്രിയുടെ ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി, മുഖ്യമന്ത്രിയുടെ നിയമോപദേശകൻ എന്നിവർ നിരന്തരം ഇടപെട്ടും തന്നെക്കൊണ്ട് ഉത്തരവിറക്കിച്ചതാണെന്നുമാണ് ഗവർണർ വാർത്താക്കുറിപ്പിറക്കിയത്. ഇത് തെളിവായി ഹൈക്കോടതിയിൽ ഹാജരാക്കിയാൽ സർക്കാർ പ്രതിരോധത്തിലാവും.

സർവകലാശാലാ നിയമപ്രകാരം പുനർനിയമനം ആവാം. പക്ഷേ അറുപത് വയസ് കഴിയരുത്. യു.ജി.സി നിയമത്തിൽ പ്രായപരിധി ഇല്ല. പക്ഷേ പുനർനിയമനത്തിന് വ്യവസ്ഥയില്ല.

എന്നാൽ അറുപത് വയസെന്ന പ്രായപരിധി യു.ജി.സി മാനദണ്ഡത്തിന് വിരുദ്ധമായതിനാൽ സർവകലാശാലാ ചട്ടം ബാധകമല്ലെന്നായിരുന്നു എ.ജിയുടെ നിയമോപദേശം.

നിയമനാധികാരിയായ ഗവർണറുടെ നിലപാടാണ് കോടതിയിൽ നിർണായകമാവുക. നേരത്തേ കേസ് പരിഗണിച്ചപ്പോൾ സർക്കാരിന്റെയോ സർവകലാശാലയുടെയോ നിലപാടല്ല, ചാൻസലറുടെ നിലപാടാണ് അറിയേണ്ടതെന്നാണ് കോടതി പറഞ്ഞത്. ഗവർണർക്കായി ഹാജരാകാനാവില്ലെന്ന് അഡ്വക്കേറ്റ് ജനറൽ നിലപാടെടുത്തതോടെ, പ്രത്യേക അഭിഭാഷകനെ ഗവർണർ നിയോഗിച്ചിട്ടുണ്ട്. സർക്കാരിനായി എ.ജിയാണ് ഹാജരാവുന്നത്.

ക്രമവിരുദ്ധമെന്ന് ഗവർണർ

വി.സി പുന‌ർനിയമനം ക്രമവിരുദ്ധമാണെന്നാണ് ഗവർണർ പറയുന്നത്. പുനർനിയമനത്തിന് കണ്ണൂർ സർവകലാശാലാ നിയമത്തെയും വയസ്സിന്റെ കാര്യത്തിൽ യുജിസി ചട്ടങ്ങളെയുമാണ് ആശ്രയിച്ചത്. അങ്ങനെ പാടില്ലെന്നു സുപ്രീംകോടതി വിധിയുണ്ട്. ഏതെങ്കിലുമൊന്നു പിന്തുടരണം.

വൈസ്ചാൻസലറെ കണ്ടെത്താനുള്ള രാജ്ഭവൻ വിജ്ഞാപനവും നടപടികളും അവസാനിച്ചത് ഉന്നതവിദ്യാഭ്യാസ മന്ത്രി, മുഖ്യമന്ത്രിയുടെ ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി, മുഖ്യമന്ത്രിയുടെ നിയമോപദേശകൻ എന്നിവരുടെ ഇടപെടലിനെയും അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശത്തെയും തുടർന്നാണ്.

"ഒരു പേര് ശുപാർശ ചെയ്യുക മാത്രമാണ് മന്ത്രി ചെയ്തതെന്ന വാദം സത്യവിരുദ്ധമാണ്. പുനർനിയമനത്തിൽ ഗവർണർക്ക് വ്യത്യസ്ത അഭിപ്രായമായിരുന്നു. നിയമപരമായി നിലനിൽക്കുമോ എന്നായിരുന്നു സംശയം."

-രാജ്ഭവൻ