veena-george

തിരുവനന്തപുരം: രോഗികൾക്ക് വീട്ടിൽ തന്നെ സൗജന്യമായി ഡയാലിസ് ചെയ്യാൻ കഴിയുന്ന പെരിറ്റോണിയൽ ഡയാലിസിസ് പദ്ധതി സംസ്ഥാന വ്യാപകമാക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് പറഞ്ഞു. ഇടവിട്ടുള്ള ദിവസങ്ങളിൽ ആശുപത്രിയിൽ പോകേണ്ട അവസ്ഥയ്ക്ക് പരിഹാരമായാണ് പെരിറ്റോണിയൽ ഡയാലിസിസ് പദ്ധതി ആരംഭിച്ചത്.

92 ആശുപത്രികളിലായി പ്രതിമാസം 40,000ത്തോളം രോഗികൾക്കാണ് ഹീമോഡയാലിസിസ് നൽകുന്നത്. 10 മെഡിക്കൽ കോളേജുകൾ മുഖേന 10,000ത്തോളം ഡയാലിസിസുകളും നടത്തുന്നുണ്ട്.

 പെരിറ്റോണിയൽ ഡയാലിസിസ്

ഡയാലിസിസ് രണ്ട് തരമുണ്ട്. ഡയാലിസിസ് മെഷീനിലൂടെ രക്തം കടത്തി വിട്ട് ശുദ്ധീകരിക്കുന്ന പ്രക്രിയയാണ് ഹീമോഡയാലിസിസ്. പെരിറ്റോണിയൽ ഡയാലിസിസ് രോഗിയുടെ ഉദരത്തിൽ ഒരു സുഷിരമുണ്ടാക്കി അതിലൂടെ ഒരു കത്തീറ്റർ കടത്തി വിട്ട് ഉദരത്തിനുള്ളിൽ (പെരിറ്റോണിയം) പെരിറ്റോണിയൽ ഡയാലിസിസ് ദ്രാവകം നിറക്കുകയുമാണ് ചെയ്യുന്നത്. ഒരിക്കൽ കത്തീറ്റർ പ്രവേശിപ്പിച്ച് കഴിഞ്ഞാൽ രോഗിക്ക് വീട്ടിൽ വച്ചുതന്നെ ഡയാലിസിസ് ദ്രാവകം ഈ കത്തീറ്ററിലൂടെ പെരിറ്റോണിയത്തിൽ നിറയ്ക്കാം.വൃക്കകളിലെ മാലിന്യങ്ങൾ പെരിറ്റോണിയൽ ദ്രാവകത്തിലേക്ക് വലിച്ചെടുക്കും. ആ ദ്രാവകം പുറത്തേക്ക് ഒഴുക്കി കളയാം.

 എല്ലാം സൗജന്യം

പെരിറ്റോണിയൽ ഡയാലിസിസിന് ആവശ്യമായ ഡയാലിസിസ് ഫ്ളൂയിഡ്, കത്തീറ്റർ, അനുബന്ധ സാമഗ്രികൾ ആശുപത്രികളിൽ നിന്നും സൗജന്യമായി നൽകും. വീട്ടിൽ ചെയ്യാവുന്നതാണോ എന്ന് ചികിത്സിക്കുന്ന ഡോക്ടർ തീരുമാനിക്കും. നടപ്പാക്കേണ്ട ചുമതലനൽകി ഓരോ ജില്ലയിലും ഒരു ഡോക്ടറെ നോഡൽ ഓഫീസറായി നിയമിച്ചിട്ടുണ്ട്.

തിരുവനന്തപുരം ജനറൽ ആശുപത്രി (ഡോ. ലിജി. ആർ), കൊല്ലം ജില്ലാ ആശുപത്രി (ഡോ. സൗമ്യ), ആലപ്പുഴ ജനറൽ ആശുപത്രി (ഡോ. ഷബീർ), എറണാകുളം ജനറൽ ആശുപത്രി (ഡോ. സന്ദീപ് ഷേണായി), തൃശൂർ ജനറൽ ആശുപത്രി (ഡോ. രമ്യ), പാലക്കാട് ജില്ലാ ആശുപത്രി (ഡോ. കൃഷ്ണദാസ്), മലപ്പുറം തിരൂർ ജില്ലാ ആശുപത്രി (ഡോ. അബ്ദുള്ള), കോഴിക്കോട് ജനറൽ ആശുപത്രി (ഡോ. ഷാനു പിഎം), വയനാട് ജില്ലാ ആശുപത്രി മാനന്തവാടി (ഡോ. സോണി), കണ്ണൂർ ജില്ലാ ആശുപത്രി (ഡോ. റോഹിത് രാജ്), കാസർകോട് ജനറൽ ആശുപത്രി (ഡോ. കുഞ്ഞിരാമൻ) (ഉടൻ സജ്ജമാകും).