school

തിരുവനന്തപുരം:കൊവിഡ് വ്യാപനം കുറഞ്ഞുവരുന്നതായി ബോധ്യമായ പശ്ചാത്തലത്തിൽ സ്കൂളുകളും കോളേജുകളും വീണ്ടും തുറക്കാനും ഞായറാഴ്ചയായ നാളെ കടുത്ത നിയന്ത്രണമുണ്ടെങ്കിലും ആരാധനാലയങ്ങളിൽ ഇരുപതുപേർക്കുവരെ പ്രവേശനം അനുവദിക്കാനും തീരുമാനം. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ

പ്രവർത്തന രീതിയും സമയവും കൊവിഡ് മാനദണ്ഡങ്ങളും നേരത്തേ നിശ്ചയിച്ച പ്രകാരം ആയിരിക്കും. അതിൽ യാതൊരു ഇളവും വരുത്തിയിട്ടില്ല. പരീക്ഷകൾ മുടക്കമില്ലാതെ നടത്തും.

ഈ മാസം ഏഴുമുതൽ കോളേജുകളിലെ എല്ലാ ക്ളാസുകളും സ്കൂൾതലത്തിൽ പത്ത്,പതിനൊന്ന്, പന്ത്രണ്ട് ക്ളാസുകളും നടത്താം. ഒന്ന് മുതൽ ഒൻപതുവരെ ക്ളാസുകൾ 14ന് തുടങ്ങും. ക്രഷും കിന്റർ ഗാർഡനും അടക്കം അന്നുമുതൽ പ്രവർത്തിക്കാം.

വിദേശത്തുനിന്നു വരുന്നവർക്ക് ഏർപ്പെടുത്തിയിരുന്ന ഏഴുദിവസത്തെ നിർബന്ധിത ക്വാറന്റൈനും ഇന്നു മുതൽ വേണ്ട. രോഗലക്ഷണം പ്രകടമായാൽ മാത്രം പരിശോധന നടത്തണം. അവർ ക്വാറന്റൈൻ പാലിക്കണം. നാട്ടിലെത്തി എട്ടാം ദിവസം ആർ.ടി.പി.സി.ആർ പരിശോധന ആവശ്യമില്ല.
ദുബായിലുള്ള മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിൽ അദ്ധ്യക്ഷത വഹിച്ച കൊവിഡ് സംസ്ഥാനതല അവലോകനയോഗത്തിലാണ് തീരുമാനം.

എല്ലാ വിഭാഗം ആരാധനാലയങ്ങളിലും പ്രവേശിക്കാവുന്നവരുടെ എണ്ണം ഇരുപതാണ്.

കൊവിഡ് നിയന്ത്രണമുള്ള എ.ബി.സി.വിഭാഗം ജില്ലകളിലും ഇത് ബാധകമായിരിക്കും.

എയർപോർട്ടുകളിൽ റാപ്പിഡ് ടെസ്റ്റ് ഉൾപ്പെടെയുള്ള ടെസ്റ്റുകൾക്ക് അന്യായമായ നിരക്ക് ഈടാക്കുന്നുണ്ടെന്ന പരാതിയിൽ ആവശ്യമായ നടപടി സ്വീകരിക്കാൻ ആരോഗ്യവകുപ്പിനോട് മുഖ്യമന്ത്രി നിർദ്ദേശിച്ചു.സംസ്ഥാനത്ത് രണ്ടാം ഡോസ് വാക്സിനേഷൻ 85ശതമാനവും കുട്ടികളുടെ വാക്സിനേഷൻ 72 ശതമാനവും പൂർത്തീകരിച്ചതായി യോഗം വിലയിരുത്തി.

ആറ്റുകാൽ പൊങ്കാല

വീടുകളിൽ

ആറ്റുകാൽ പൊങ്കാലയ്ക്ക് പങ്കെടുക്കാനായി ക്ഷേത്രപരിസരത്ത് 200 പേരെ അനുവദിക്കും. ഭക്തജനങ്ങളുടെ പൊങ്കാല അർപ്പിക്കൽ അവിടെ ഉണ്ടാവില്ല. അവർ പൊങ്കാലയിടുന്നത് വീടുകളിൽ മാത്രമായി പരിമിതപ്പെടുത്തണം.

#സി വിഭാഗത്തിൽ കൊല്ലം മാത്രം

ബി വിഭാഗം: തിരുവനന്തപുരം,പത്തനംതിട്ട,ആലപ്പുഴ,കോട്ടയം,ഇടുക്കി,എറണാകുളം,തൃശ്ശൂർ, പാലക്കാട്,വയനാട്,കണ്ണൂർ

എ വിഭാഗം: മലപ്പുറം,കോഴക്കോട്

വിഭാഗത്തിൽപ്പെടാതെ: കാസർകോട്

#നാളെ ഞായർ നിയന്ത്രണം

ഞായറാഴ്ചയായ നാളെ ലോക്ക് ഡൗണിന് സമാനമായ നിയന്ത്രണം ഉണ്ടാകും. ആരാധനാലയങ്ങൾക്ക് ഇളവുണ്ടാകും.20 പേരെ അനുവദിക്കും.ഞായറാഴ്ചകളിൽ കൃസ്ത്യൻപള്ളികളിലെ ആരാധന വിലക്കിയതിനെതിരെ വ്യാപക പരാതി ഉയർന്നിരുന്നു. അതേസമയം മറ്റുനിയന്ത്രണം തുടരും. അവശ്യസേവന വിഭാഗങ്ങൾക്കും അവശ്യകാര്യങ്ങൾക്കും മാത്രമേ യാത്ര അനുവദിക്കൂ. സ്വയം തയ്യാറാക്കിയ സാക്ഷ്യപത്രം കരുതണം.റോഡിൽ പൊലീസ് പരിശോധന ഉണ്ടാകും.

മുഖ്യമന്ത്രി നാളെ എത്തും

തിരുവനന്തപുരം: അമേരിക്കയിലെ ചികിത്സയ്ക്ക് ശേഷം യു.എ.ഇയിൽ പര്യടനത്തിലായിരുന്ന മുഖ്യമന്ത്രി പിണറായി വിജയൻ നാളെ പുലർച്ചെ തലസ്ഥാനത്ത് എത്തും. ഒരാഴ്ചത്തെ പര്യടനത്തിനിടെ യു.എ.ഇ സാമ്പത്തിക വകുപ്പ് മന്ത്രി അബ്ദുല്ല ബിൻ തൗഖ് അൽ മാരിയുമായും യു.എ.ഇ അന്താരാഷ്ട്ര വ്യാപര വകുപ്പ് മന്ത്രി ഡോ.താനി ബിൻ അഹമ്മദ് അൽസിയുദിയുമായും കൂടിക്കാഴ്ച നടത്തിയിരുന്നു.

ദുബായ് എക്സ്പോ 2020 ന്റെ കേരള പവലിയൻ ഉദ്ഘാടനം ചെയ്തതും മുഖ്യമന്ത്രിയായിരുന്നു.