land-registration

തിരുവനന്തപുരം:കേന്ദ്ര ബഡ്ജറ്റിൽ പ്രഖ്യാപിച്ച ഒരു രാജ്യം ഒരു രജിസ്ട്രേഷൻ സംവിധാനം നടപ്പായാൽ സംസ്ഥാനത്തിന്റെ വരുമാനത്തെ പ്രതികൂലമായി ബാധിച്ചേക്കും. ഇപ്പോൾ സംസ്ഥാന വരുമാനത്തിൽ രണ്ടാമതാണ് രജിസ്ട്രേഷൻ വകുപ്പ്. നടപ്പു സാമ്പത്തിക വർഷം തീരാൻ രണ്ടു മാസം ശേഷിക്കെ 3313 കോടിയാണ് സ്റ്റാമ്പ് ഡ്യൂട്ടിയും രജിസ്ട്രേഷൻ ഫീസും വഴി ഖജനാവിലെത്തിയത്. രജിസ്ട്രേഷൻ ഫീസ് ഏകീകരണം വന്നാൽ ഇത് കുത്തനെ ഇടിയും. രാജ്യത്ത് ഇപ്പോൾ ഏറ്രവും കൂടിയ സ്റ്റാമ്പ് ഡ്യൂട്ടിയുള്ളത് കേരളത്തിലാണ്. ഭൂമിയുടെ ന്യായവിലയുടെ എട്ട് ശതമാനം. രണ്ട് ശതമാനം രജിസ്ട്രേഷൻ ഫീസും നൽകണം.

ഏകീകരണം വരുന്നതോടെ എട്ട് ശതമാനമെന്നത് കുറയും.കേന്ദ്രസർക്കാർ ഏകീകരണത്തിന് മുമ്പ് നിർദ്ദേശിച്ചിട്ടുള്ളത് അഞ്ചു ശതമാനമാണ്. തമിഴ്നാട്, മണിപ്പൂർ തുടങ്ങി പല സംസ്ഥാനങ്ങളിലും അഞ്ച് ശതമാനത്തിൽ താഴെയാണ് സ്റ്റാമ്പ് ഡ്യൂട്ടി. 2010 ന് മുമ്പ് സ്റ്റാമ്പ് ഡ്യൂട്ടി വസ്തു വിലയുടെ 13.5 ശതമാനവും രജിസ്ട്രേഷൻ ഫീസ് 2 ശതമാനവും ആയിരുന്നു.എന്നാൽ വസ്തു കൈമാറ്റം നടത്തുമ്പോൾ ശരിയായ വില രേഖകളിൽ കാണിക്കാതെ രജിസ്ട്രേഷൻ നടത്തുന്നതിനാൽ സർക്കാരിന് യഥാർത്ഥത്തിൽ കിട്ടേണ്ട തുക ലഭിച്ചിരുന്നില്ല. ഭൂമിക്ക് ന്യായവില ഏർപ്പെടുത്തിയതോടെയാണ് ഇതിന് മാറ്റം വന്നതും രജിസ്ട്രേഷൻ വകുപ്പിന്റെ വരുമാനം കുത്തനെ ഉയർന്നതും.

മുൻ വർഷങ്ങളിലെ രജി. വകുപ്പിന്റെ വരുമാനം (കോടിയിൽ)

2018-19......3316.08

2019-20......3239.29

2020-21......3130.32

2021-22.....3313.80

ഒരു രാജ്യം ഒരു രജിസ്ട്രേഷൻ

നാഷണൽ ജനറിക് ഡോക്യുമെന്റ് രജിസ്ട്രേഷൻ സംവിധാനം തയ്യാറാക്കിയാണ് ഭൂമി കൈമാറ്റം ഏകീകൃതമാക്കുന്നത്. ഇത് നടപ്പാവുന്നതോടെ രാജ്യത്ത് എവിടെ നിന്നും ഭൂമി രജിസ്ട്രേഷൻ നടത്താം. സംരംഭകരായി എത്തുന്നവർക്ക് ഭൂമി വാങ്ങുമ്പോൾ വൻ തുക സ്റ്റാമ്പ് ഡ്യൂട്ടി-രജിസ്ട്രേഷൻ ഇനത്തിൽ വേണ്ടിവരില്ല.