
വെള്ളറട: പനച്ചമൂട്ടിലെ മാർജിൻ ഫ്രീ മാർക്കറ്റിലുണ്ടായ അഗ്നിബാധയിൽ ലക്ഷകണക്കിന് രൂപയുടെ നഷ്ടം. അരുമന സ്വദേശി രാമചന്ദ്രന്റെ ആർ.എൻ.ആർ സൂപ്പർമാർക്കറ്റിലാണ് ഇന്നലെ പുലർച്ചെ ഒരുമണിയോടെ തീപിടിച്ചത്.
മീറ്റർ ബോർഡിന്റെ സമീപത്തു നിന്ന് തീപിടിച്ച് ഗോഡൗണിൽ സൂക്ഷിച്ചിരുന്ന സാധനങ്ങൾ മുഴുവൻ കത്തി നശിച്ചു. ഗോഡൗണിൽ നിന്നാണ് കടയിലേക്ക് തീ പടർന്നു പിടിച്ചത്. കടയ്ക്കുള്ളിൽ സെയിൽസ് കഴിഞ്ഞ് സൂക്ഷിച്ചിരുന്ന പണവും സാധനങ്ങളും പൂർണമായും കത്തിനശിച്ചു.
സമീപവാസികൾ വിവരം അറിയിച്ചതിനെ തുടർന്ന് വെള്ളറട പൊലീസ് സ്ഥലത്തെത്തി പാറശാലയിൽ നിന്ന് ഫയർഫോഴ്സ് എത്തിയാണ് തീകെടുത്തിയത്. ഫയർ ഓഫീസർ സുനിൽ കുമാർ, അസി. ഫയർ ഓഫീസർ സുരേഷ് കുമാർ എന്നിവരുടെ നേതൃത്വത്തിൽ രണ്ട് ഫയർയൂണിറ്റുകൾ എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. ഷോട്ട് സർക്യൂട്ടാണ് അപകടത്തിന് കാരണമെന്ന് പറയുന്നു. ഏകദേശം 30 ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചിട്ടുള്ളതായി കടയുടമ പറഞ്ഞു. വെള്ളറട പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.