തിരുവനന്തപുരം: ടൂറിസം വികസനത്തിന്റെ പേരിൽ കോവളം കടൽത്തീരത്തെ സർക്കാർ വക കെട്ടിടസമുച്ചയവും സ്ഥലസൗകര്യങ്ങളും സ്വകാര്യ സംരംഭകർക്ക് കൈമാറാൻ നീക്കം. കോവളം കൊട്ടാരവും ഏക്കറുകണക്കിന് സ്ഥലവും സ്വകാര്യ ഗ്രൂപ്പിന് കൈമാറിയതിന്റെ വിവാദങ്ങൾ തുടരുന്നതിനിടെയാണ് കോവളത്തെ സൈലന്റ് വാലി സൺബാത്ത് പാർക്കെന്ന കെട്ടിടം ടൂറിസം ഹോസ്പിറ്റാലിറ്റി പദ്ധതിയുടെ ഭാഗമായി ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ സ്വകാര്യ സംരംഭകർക്ക് കൈമാറുന്നത്. ഇതിനായി തിരുവനന്തപുരം ഡി.ടി.പി.സി ടെൻഡർ ക്ഷണിച്ചു. കോവളത്ത് ടൂറിസ്റ്റ് ഇൻഫർമേഷൻ സെന്റർ പ്രവർത്തിച്ചിരുന്ന കെട്ടിടമാണിത്. ബീച്ചിന് അഭിമുഖമായുള്ള ഇവിടെ റിസപ്ഷൻ ബ്ളോക്ക്, വ്യൂവിംഗ് ഡക്ക്, സൺബാത്ത് ഏരിയ, ടോയ്‌ലെറ്റ് ബ്ളോക്ക്, സെക്യൂരിറ്റി റൂം, പരമ്പരാഗത ശൈലിയിലുള്ള കുളം, ചെയ്ഞ്ചിംഗ് റൂം എന്നീ സൗകര്യങ്ങളുണ്ട്. അഞ്ച് വർഷം ടൂറിസം ഹോസ്പിറ്റാലിറ്റി രംഗത്ത് പരിചയസമ്പന്നരായവരിൽ നിന്നാണ് ടെൻഡർ ക്ഷണിച്ചിരിക്കുന്നത്. പ്രൊഫഷണൽ പാർട്ണർമാരിൽ നിന്ന് ഗുണനിലവാരത്തിന്റെയും മൂല്യാധിഷ്ഠിത സേവനങ്ങളുടെയും അടിസ്ഥാനത്തിലായിരിക്കും യോഗ്യരായവരെ തിരഞ്ഞെടുക്കുന്നതെന്ന് ടൂറിസം പ്രമോഷൻ കൗൺസിലിന്റെ ടെൻഡർ മാനദണ്ഡങ്ങളിൽ പറയുന്നു. ടൂറിസം വ്യവസായ രംഗത്തേക്ക് സ്വകാര്യ സംരംഭകരെ ആകർഷിക്കാൻ സർക്കാരും ടൂറിസം വകുപ്പും പലവിധ പദ്ധതികൾ നടപ്പിലാക്കുന്നുണ്ടെങ്കിലും സർക്കാർ കെട്ടിടവും സൗകര്യങ്ങളും ഭൂമിയും സംരംഭകർക്ക് കൈമാറുന്ന നടപടി ദുരൂഹമാണെന്നും ആരോപണമുണ്ട്.