
തിരുവനന്തപുരം: മന്ത്രിസഭാ തീരുമാനങ്ങൾ കോടതികളുടെ പരിശോധനയ്ക്ക് പോലും വിധേയമാകേണ്ടെന്ന വാദം അംഗീകരിക്കാനാവുന്നതല്ലെന്ന് ലോകായുക്ത. മുഖ്യമന്ത്രിയുടെ ദുരുതാശ്വാസ നിധി ഫണ്ട് ദുരുപയോഗം ചെയ്തതിനെതിരായ ഹർജി പരിഗണിയ്ക്കവേയാണ് ലോകായുക്തയുടെ പരാമർശം. ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ്, ഉപ ലോകായുക്ത ഹാറൂൺ- അൽ-റഷീദ് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് കേസ് പരിഗണിച്ചത്. മുഖ്യമന്ത്രിയടക്കം 18 മന്ത്രിമാരാണ് കേസിലെ എതിർകക്ഷികൾ.
എൻ.സി.പി നേതാവ് ഉഴവൂർ വിജയന്റെയും മുൻ എം.എൽ.എ കെ.കെ.രാമചന്ദ്രൻ നായരുടെയും കുടുംബത്തിനും, സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ വാഹനത്തിന് അകമ്പടി പോകുന്നതിനിടയിൽ അപകടത്തിൽ മരിച്ച പൊലീസുകാരന്റെ കുടുംബത്തിനും ദുരിതാശ്വാസ നിധിയിൽനിന്ന് സഹായം നൽകിയതിനെതിരെ സേവ് യൂണിവേഴ്സിറ്റി കാമ്പെയിൻ കമ്മിറ്റി ചെയർമാൻ ആർ.എസ്. ശശികുമാറാണ് ലോകായുക്തയെ സമീപിച്ചത്.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് പരമാവധി മൂന്ന് ലക്ഷം മാത്രം കൊടുക്കാമെന്നിരിക്കെയാണ് ഇത്രയും വലിയ തുക വിതരണം ചെയ്തതെന്നായിരുന്നു ഹർജിയിലെ മുഖ്യ ആരോപണം. മന്ത്രിസഭയ്ക്ക് ഇതിൽ കൂടുതൽ തുക നൽകാനുളള തീരുമാനം എടുക്കാമെന്നും മന്ത്രിസഭാ തീരുമാനം അന്തിമമാണെന്നും അത് ചോദ്യം ചെയ്യാൻ കഴിയില്ലെന്നുമായിരുന്നു സർക്കാർ വാദം. ദുരിതാശ്വാസനിധിയിൽനിന്നും പണം അനുവദിക്കുമ്പോൾ മാനദണ്ഡങ്ങൾ പാലിക്കേണ്ടതല്ലേയെന്ന് ജസ്റ്റിസ് സിറിയക് ജോസഫ് വാക്കാൽ നിരീക്ഷിച്ചു.
ദുരിതാശ്വാസ നിധിയിൽ നിന്ന് സഹായം നൽകുന്നതിൽ മുഖ്യമന്ത്രിയുടെ അധികാരപരിധി ഏതുവരെയാണെന്ന കാര്യത്തിൽ വ്യക്തത വരുത്താൻ സ്‌പെഷ്യൽ അറ്റോർണിയോട് വെള്ളിയാഴ്ച ഹാജരാകാൻ ലോകായുക്ത നിർദേശിച്ചു. കേസ് 11 ലേയ്ക്ക് മാറ്റി.