kodiyeri

തിരുവനന്തപുരം: സിൽവർലൈൻ പദ്ധതിയെക്കുറിച്ച് ന്യായമായ സംശയങ്ങളുന്നയിക്കുന്ന ആരുമായും ചർച്ചയ്ക്ക് സന്നദ്ധമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. എന്നാൽ സർവേക്കല്ല് കാണുമ്പോൾ അരിശം കൊള്ളുന്നവരായാൽ എന്ത് ചെയ്യുമെന്ന് അദ്ദേഹം പത്രസമ്മേളനത്തിൽ ചോദിച്ചു.

സി.പി.ഐക്ക് സിൽവർലൈനിനോട് വിയോജിപ്പൊന്നുമില്ല. ആശങ്ക തീർക്കണമെന്നേ സി.പി.ഐയും പറയുന്നുള്ളൂ. അതിപ്പോൾ നമ്മുടെ പാർട്ടിയിലുള്ളവരും പറയുന്നില്ലേ. പദ്ധതിയിൽ രാഷ്ട്രീയമായ എതിർപ്പ് ബി.ജെ.പിയിൽ നിന്ന് വന്നതാണ് മുഖ്യതടസം. അതിന്റെ കൂടെ കോൺഗ്രസും യു.ഡി.എഫും ചേർന്നു. കേരളത്തിന്റെ വിശാല താല്പര്യം കണക്കിലെടുത്ത് ബി.ജെ.പിയും കോൺഗ്രസും നിലപാട് പുനഃപരിശോധിക്കണം. 160 കിലോമീറ്റർ വേഗതയിൽ വന്ദേഭാരത് ട്രെയിനുകൾ ഓടാൻ കേരളത്തിലെ റെയിൽവേ ലൈനുകളിൽ സാധിക്കില്ലെന്ന് ഇ.ശ്രീധരൻ തന്നെ പറഞ്ഞു. കെ. സുധാകരൻ പറഞ്ഞത് ഹൈസ്പീഡ് റെയിൽ വേണമെന്നാണ്. സെമിഹൈസ്പീഡ് റെയിൽ വേണ്ടെന്ന് വാദിക്കുന്നവരാണ് ഹൈസ്പീഡ് വേണമെന്ന് പറയുന്നത്. കോൺഗ്രസ് നേതൃത്വം ഇരുട്ടിൽ തപ്പുകയാണ്. കാര്യങ്ങൾ പഠിച്ചിട്ട് പറയണം.

പദ്ധതിക്ക് കേന്ദ്രത്തിന്റെ തത്വത്തിലുള്ള അനുമതി കിട്ടിയിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തിലാണ് സാമൂഹ്യാഘാത പഠനം ആരംഭിച്ചത്. സ്ഥലമേറ്റെടുപ്പ് പൂർത്തിയായാലേ വിദേശ വായ്പകൾ ലഭ്യമാക്കാനാവൂ. കഴിഞ്ഞ വർഷം മേയ് 11ന് കേന്ദ്രമന്ത്രി നിർമല സീതാരാമൻ അയച്ച കത്തിൽ സ്ഥലം ഏറ്റെടുപ്പിൽ ഉൾപ്പെടെ മുന്നോട്ട് പോകാനാണ് നിർദ്ദേശിച്ചത്.

കേന്ദ്ര ബഡ്ജറ്റിൽ കേരളത്തെ അവഗണിച്ചത് തിരുത്തിക്കാൻ ബി.ജെ.പി സമ്മർദ്ദം ചെലുത്തണം. കേരള എം.പിമാർ ഒറ്റക്കെട്ടായി പാർലമെന്റിൽ പ്രതിഷേധിക്കണം. കൊവിഡ് മാനദണ്ഡം പാലിച്ച് പരമാവധി പേരെ സംഘടിപ്പിച്ചുള്ള പ്രചാരണം എൽ.ഡി.എഫ് ആലോചിക്കും.

ജലീലിന്റെ ആരോപണങ്ങൾ വ്യക്തിപരം

ലോകായുക്തക്കെതിരെ കെ.ടി. ജലീൽ ഉന്നയിച്ച ആരോപണങ്ങൾ അദ്ദേഹത്തിന്റേത് മാത്രമാണ്. ലോകായുക്തയ്ക്കെതിരെ സി.പി.എം ആരോപണമുന്നയിച്ചിട്ടില്ല. ജലീൽ പാർട്ടി അംഗമല്ല. വ്യക്തികൾക്ക് അഭിപ്രായം പറയാൻ സ്വാതന്ത്ര്യമുണ്ടെന്നും കോടിയേരി പറഞ്ഞു.