bindhu

മന്ത്രിയെ കുറ്റപ്പെടുത്താനാവില്ല

1.നിയമനത്തിൽ പൂ‌ർണ അധികാരി ഗവർണർ

2.ശുപാർശ നൽകാൻ ഗവർണർ അനുവദിച്ചു

3. മന്ത്രി നൽകിയത് അഭിപ്രായവും നിർദ്ദേശവും

4. ഗവർണർ അത് സഹകരിച്ച് അംഗീകരിച്ചു

................................................................................

തിരുവനന്തപുരം: കണ്ണൂർ സർവകലാശാലാ വൈസ്ചാൻസലറായി ഡോ.ഗോപിനാഥ് രവീന്ദ്രനെ പുനർനിയമിക്കാൻ ഗവർണർക്ക് കത്തെഴുതിയ ഉന്നത വിദ്യാഭ്യട്ടസ മന്ത്രി ആർ.ബിന്ദു സ്വജനപക്ഷപാതവും അഴിമതിയും കാട്ടിയെന്ന് ചൂണ്ടിക്കാട്ടി രമേശ് ചെന്നിത്തല നൽകിയ ഹർജി ലോകായുക്ത തള്ളി.

ചാൻസലറുടെ സഹകരണത്തോടെയാണ് സർക്കാരിന് താത്പര്യമുള്ള പുനർനിയമനം നടന്നതെന്നും മന്ത്രിയെന്ന നിലയിൽ ബിന്ദു അധികാര ദുർവിനിയോഗം നടത്തിയിട്ടില്ലെന്നും ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ്, ഉപ ലോകായുക്ത ഹാറൂൺ- അൽ-റഷീദ് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് കണ്ടെത്തി. വൈസ്ചാൻസലർ നിയമനത്തിൽ പൂ‌ർണ അധികാരി ഗവർണറാണെന്നും ലോകായുക്ത പറഞ്ഞു.

പ്രോ ചാൻസലർ എന്ന നിലയിൽ അഭിപ്രായവും നിർദ്ദേശവും മാത്രമാണ് കത്തിലൂടെ മന്ത്രി അറിയിച്ചത്. അധികാര ദുർവിനിയോഗമായി ഇതിനെ കാണാനാവില്ല. പുനർനിയമനത്തിന് ശുപാർശ നൽകാൻ ഗവർണർ സർക്കാരിനെ അനുവദിച്ചതും അത് അംഗീകരിച്ചതും പ്രധാനപ്പെട്ട കാര്യങ്ങളാണ്. അഭിപ്രായം ഗവർണർക്ക് തള്ളുകയോ അവഗണിക്കുകയോ ചെയ്യാമായിരുന്നു. അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം സഹിതം ചാൻസലർക്ക് കത്ത് നൽകിയത് മന്ത്രിയെന്ന നിലയിലുള്ള അധികാര ദു‌ർവിനിയോഗമല്ല. നിയമവിരുദ്ധമായോ ദുരുദ്ദേശ്യത്തോടെയോ മന്ത്രി ഇടപെട്ടിട്ടില്ല. ഹൈക്കോടതി സിംഗിൾ ബെഞ്ച് പുനർനിയമനത്തിനെതിരായ ഹർജി തള്ളിയതാണ്. പുനർനിയമനത്തിന് സെലക്ഷൻ കമ്മിറ്റി വേണ്ടെന്നാണ് വിധിച്ചത്.

വ്യക്തിതാത്പര്യത്തിനായോ അഴിമതിക്കായോ മന്ത്രി ഇടപെടൽ നടത്തിയെന്ന് ഹർജിക്കാർക്ക് ആരോപണമില്ല. സ്വജനപക്ഷപാതം, ആർജ്ജവമില്ലായ്മ എന്നിങ്ങനെയാണ് ആരോപണങ്ങൾ. അസാധാരണ വേഗത്തിൽ നടപടികളെടുത്തെന്നും ഹർജിക്കാർ ആരോപിക്കുന്നു. എന്നാൽ ചാൻസലറുടെ സഹകരണത്തോടെയാണ് സർക്കാരിന് താത്പര്യമുള്ള പുനർനിയമനം നടന്നത്.

വ്യക്തിയെ ശുപാർശ ചെയ്യാൻ ഗവർണറുടെ സെക്രട്ടറി കത്തിലൂടെ ആവശ്യപ്പെട്ടിട്ടുമുണ്ട്. ഇതിനു ശേഷമാണ് ഗോപിനാഥ് രവീന്ദ്രനെ മന്ത്രി നിർദ്ദേശിച്ചത്. ഹർജിക്കാരുടെ ആരോപണങ്ങൾക്ക് നിയമപരമോ വസ്തുതാപരമോ ആയ അടിസ്ഥാനമില്ല. അതിനാൽ ലോകായുക്ത ആക്ടിലെ സെക്ഷൻ 9പ്രകാരം അന്വേഷണത്തിന്റെ ആവശ്യമില്ല- ഉത്തരവിൽ പറഞ്ഞു.

മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യയ്ക്ക് അസോ.പ്രൊഫസർ നിയമനം നൽകിയതിനുള്ള പ്രത്യുപകാരമാണ് വി.സിയുടെ പുനർനിയമനമെന്ന ആരോപണം കഴമ്പില്ലാത്തതാണ്. പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യ സമർത്ഥരെ മറികടന്നെന്ന് തെളിയിക്കാനുള്ള രേഖകൾ ഹർജിക്കാർ ഹാജരാക്കിയിട്ടില്ല.

പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യയ്ക്ക് എന്ത് അയോഗ്യതയാണുള്ളതെന്ന് ഹർജിക്കാർ ചൂണ്ടിക്കാട്ടിയിട്ടില്ല. അതിനാൽ ലോകായുക്ത സെക്ഷൻ 9പ്രകാരം അന്വേഷണം സാദ്ധ്യമല്ല.

`ലോകായുക്തയുടെ വിധി യുക്തിഭദ്രമല്ല. സെർച്ച് കമ്മിറ്റി പിരിച്ചുവിട്ട് പുതിയ ഒരാളെ നിയമിക്കുന്നത് സ്വജനപക്ഷപാതമല്ലാതെ പിന്നെയെന്താണ്.വിധിപ്പകർപ്പ് കിട്ടിയശേഷം തുടർ നടപടി.'

-രമേശ് ചെന്നിത്തല

`ഉന്നത വിദ്യാഭ്യാസ മേഖലയിലെ മാ​റ്റങ്ങളോട് രമേശ് ചെന്നിത്തലയ്‌ക്ക് അസഹിഷ്ണുതയാണ്. പ്രതിപക്ഷ നേതൃപദവി നഷ്ടപ്പെട്ടതിലുള്ള ഇച്ഛാഭംഗം കൊണ്ടാണോ ഈ വിഷയം പെരുപ്പിച്ചതെന്ന് അറിയില്ല.'

- മന്ത്രി ആർ. ബിന്ദു