
പോത്തൻകോട്: മംഗലപുരത്ത് രണ്ട് യുവാക്കളെ വെട്ടിപ്പരിക്കേല്പിച്ച സംഭവത്തിൽ നാലുപേരെ പൊലീസ് അറസ്റ്റുചെയ്‌തു. മംഗലപുരം സ്വദേശികളായ കുട്ടനെന്ന ഷെഹിൻ (23), അഭിലാഷ് (36), സൂര്യകുമാർ (21), തോന്നയ്ക്കൽ സ്വദേശി ഗോകുൽ (24) എന്നിവരെയാണ് മംഗലപുരം പൊലീസ് പിടികൂടിയത്.
വ്യാഴാഴ്ച വൈകിട്ട് 5ന് മുരുക്കുംപുഴ മുണ്ടയ്‌ക്കൽ പണിക്കൻവിളയിലായിരുന്നു അക്രമം. കഴിഞ്ഞ നവംബറിൽ ബിരുദ വിദ്യാർത്ഥിയെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് പണംതട്ടിയ കേസിൽ ജയിലിലായിരുന്ന ഷെഹിൻ ജാമ്യത്തിലിറങ്ങി കെട്ടിട നിർമ്മാണ ജോലിക്ക് പോകുകയായിരുന്നു. മുരുക്കുംപുഴ മുണ്ടയ്‌ക്കൽ പണിക്കൻവിളയിലെ ജോലിസ്ഥലത്തുവച്ച് ഷെഹിനും സ്ഥലവാസികളായ സുധി, കിച്ചു എന്നിവരും തമ്മിൽ ഇന്നലെ വാക്കുതർക്കമുണ്ടായി.
ഒന്നര വർഷം മുമ്പ് ഷെഹിൻ സുധിയെ മർദ്ദിച്ചത് ചോദിക്കാനാണ് സുധിയും കിച്ചുവുമെത്തിയത്. താൻ ഒറ്റയ്ക്കായതിനാൽ ഇവർ മർദ്ദിക്കുമെന്ന് ഭയന്ന ഷെഹിൻ കൂട്ടാളികളെ വിളിച്ചുവരുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. തുടർന്ന് കമ്പിപ്പാരയും വെട്ടുകത്തിയും ഉപയോഗിച്ചുള്ള ആക്രമണത്തിലാണ് സുധിക്ക് മുഖത്തും കൈകളിലും കിച്ചുവിന് കാലിലും വെട്ടേറ്റത്.
സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ മംഗലപുരം പൊലീസ് നാലുപേരെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു.
അറസ്റ്റിലായ ഷെഹിൻ, അഭിലാഷ്, സൂര്യകുമാർ എന്നിവർ പാലോട്, പോത്തൻകോട്, മംഗലപുരം സ്റ്റേഷനുകളിൽ വധശ്രമമടക്കമുള്ള കേസുകളിൽ പ്രതികളാണ്. ഇവരെ റിമാൻഡ് ചെയ്‌തു.