തിരുവനന്തപുരം:കൊവിഡ് ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്ന രോഗികളുടെ എണ്ണം 25 ശതമാനത്തിൽ താഴെ എത്തിയതിനെത്തുടർന്ന് ജില്ലയെ സി കാറ്റഗറിയിൽ നിന്നും ബി കാറ്റഗറിയിലേക്ക് മാറ്റി.ബി കാറ്റഗറിയിലെ നിയന്ത്രണങ്ങളാണ് ഇനി ജില്ലയിൽ നടപ്പാക്കുന്നത്.ഞായറാഴ്ച നിയന്ത്രണങ്ങളുടെ ഭാഗമായി ഇന്ന് അവശ്യസർവീസുകൾക്ക് മാത്രമായിരിക്കും അനുവദിക്കുക.
നിയന്ത്രണങ്ങൾ
നാളെ മുതൽ 10,11,12 ക്ലാസുകളും ബിരുദ,ബിരുദാനന്തര ക്ലാസുകളും ട്യൂഷൻ ക്ലാസുകളും ഓഫ്‌ലൈനായി പ്രവർത്തിക്കും
ഫെബ്രുവരി 14 മുതൽ ഒന്ന് മുതൽ ഒൻപത് വരെയുള്ള ക്ലാസുകൾ,ക്രഷ്,കിന്റർ ഗാർട്ടൻ എന്നിവയും ഓഫ്‌ലൈനായി പ്രവർത്തിക്കും
ആരാധനാലയങ്ങളിൽ പരമാവധി 20 പേർക്ക് മാത്രമായിരിക്കും പ്രവേശനം
രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക മതസാമുദായികപരമായ പൊതുപരിപാടികൾ ഉൾപ്പെടെയുള്ള യാതൊരുവിധ കൂടിച്ചേരലുകളും പാടില്ല
വിവാഹ,മരണാനന്തര ചടങ്ങുകൾക്ക് പങ്കെടുക്കാവുന്നവരുടെ എണ്ണം 20 ആയി തുടരും
സിനിമാ തിയേറ്ററുകൾ,നീന്തൽക്കുളങ്ങൾ,ജിമ്മുകൾ എന്നിവയ്ക്ക് പ്രവർത്തിക്കാം
ഞായർ നിയന്ത്രണങ്ങളും ഇളവുകളും
കൊവിഡുമായി ബന്ധപ്പെട്ട് അവശ്യസർവീസുകളായി പ്രവർത്തിക്കുന്ന കേന്ദ്രസംസ്ഥാന സ്വയംഭരണ, പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവ വകുപ്പ് തലവന്മാർ ആവശ്യപ്പെടുന്ന സാഹചര്യത്തിൽ തുറന്ന് പ്രവർത്തിക്കാം
ഈ സ്ഥാപനങ്ങളിലെ ജീവനക്കാർ യാത്രയ്ക്കായി തിരിച്ചറിയൽ കാർഡുകൾ കരുതണം
കമ്പനികൾ,വ്യവസായ സ്ഥാപനങ്ങൾ,മറ്റ് സ്ഥാപനങ്ങൾ എന്നിവ പ്രവർത്തിക്കാം.ജീവനക്കാർ യാത്രക്കായി തിരിച്ചറിയൽ കാർഡ് കരുതണം
രോഗികൾ,കൂട്ടിരുപ്പുകാർ,വാക്സിനേഷനുമായി ബന്ധപ്പെട്ട വ്യക്തികൾ എന്നിവർക്ക് മതിയായ രേഖകളുടെ അടിസ്ഥാനത്തിൽ ആശുപത്രികളിലേക്കും വാക്സിനേഷൻ കേന്ദ്രത്തിലേക്കും യാത്ര അനുവദിക്കും
ദീർഘദൂര ബസ് യാത്രകൾ,ട്രെയിൻ,വിമാന സർവീസുകൾ എന്നിവ അനുവദിച്ചിട്ടുള്ള സാഹചര്യത്തിൽ ബസ് ടെർമിനലുകൾ,റെയിൽവേ സ്റ്റേഷനുകൾ,വിമാനത്താവളം എന്നിവിടങ്ങളിലേക്ക് രേഖകളുമായി യാത്ര ചെയ്യാം
പഴം,പച്ചക്കറി,പാൽ മത്സ്യമാംസങ്ങൾ വിൽക്കുന്ന കടകൾ എന്നിവയ്ക്ക് രാവിലെ 7 മുതൽ രാത്രി 9 വരെ പ്രവർത്തിക്കാം
റസ്റ്റോറന്റുകളും ബേക്കറികളും രാവിലെ 7 മുതൽ രാത്രി 9 വരെ പാഴ്സൽ സംവിധാനത്തിനും ഹോം ഡെലിവറിക്കും മാത്രമായി തുറക്കാം
ഹോം ഡെലിവറി ചെയ്യുന്ന ഇകെമേഴ്സ്,കൊറിയർ സ്ഥാപനങ്ങൾക്ക് രാവിലെ 7 മുതൽ രാത്രി 9 വരെ പ്രവർത്തിക്കാം
മുൻകൂർ ബുക്ക് ചെയ്ത സ്റ്റേ വൗച്ചറുകൾ സഹിതം വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് യാത്ര ചെയ്യാവുന്നതും ഹോട്ടൽ,റിസോർട്ട് എന്നിവിടങ്ങളിൽ താമസിക്കാവുന്നതുമാണ്
സി.എൻ.ജി,ഐ.എൻ.ജി,എൽ.പി.ജി എന്നിവയുടെ വിതരണം അനുവദിക്കും
മത്സരപരീക്ഷകൾക്ക് അഡ്മിറ്റ് കാർഡുകൾ,ഐഡന്റിറ്റി കാർഡുകൾ,ഹാൾടിക്കറ്റ് എന്നിവ ഉപയോഗിച്ച് ഉദ്യോഗാർത്ഥികൾക്കും പരീക്ഷാ ഉദ്യോഗസ്ഥർക്കും യാത്രചെയ്യാം
ഡിസ്‌പെൻസറികൾ,മെഡിക്കൽ സ്‌റ്റോറുകൾ,നഴ്സിംഗ് ഹോമുകൾ,ആംബുലൻസുകൾ അനുബന്ധ സേവനങ്ങൾ,ജീവനക്കാരുടെ യാത്രകൾ എന്നിവ അനുവദിക്കും
അടിയന്തര വാഹന അറ്റകുറ്റപ്പണികൾക്കുള്ള വർക്ക് ഷോപ്പുകൾ തുറന്ന് പ്രവർത്തിപ്പിക്കാം
ജില്ലാ നഗരാതിർത്തികളിൽ പൊലീസ് ബാരിക്കേഡ് ഉപയോഗിച്ച് പരിശോധന നടത്തും