നെടുമങ്ങാട്:ദേശീയ ക്ഷയരോഗ നിർമാർജ്ജനത്തിന്റെ ഭാഗമായി 2025ഒാടെ കേരളത്തിൽ നിന്ന് ക്ഷയരോഗം നിർമ്മാർജ്ജനം ചെയ്യുന്നതിന് വേണ്ടിയുള്ള പ്രവർത്തനം നടത്തിവരുന്നതിന്റെ ഭാഗമായി ടി.ബി ഇൻഫക്ഷൻ (ടി.ബി. അണുബാധ) കണ്ടുപിടിക്കുന്നതിനുള്ള ഇഗ്രാ ടെസ്റ്റ് നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ തുടങ്ങി.ജില്ലയിലെ നാലാമത്തെ ഇഗ്ര ടെസ്റ്റിംഗ് സെന്ററാണ് ഇവിടത്തേത്.ക്ഷയരോഗം ഉള്ളവരുമായി സമ്പർക്കമുള്ള അഞ്ച് വയസിനുമുകളിലുള്ളവർക്കാണ് പരിശോധന.ഇഗ്ര പോസിറ്റീവായവർക്ക് ക്ഷയരോഗ പ്രതിരോധ ചികിത്സ നൽകും.നെടുമങ്ങാട് നഗരസഭാ ആര്യോഗ്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ അജിത ഉദ്ഘാടനം ചെയ്തു.

ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോക്ടർ നിത.എസ്.നായർ അദ്ധ്യക്ഷത വഹിച്ചു.ജില്ലാ ടി.ബി ഓഫീസർ ഡോക്ടർ ഹരികുമാർ,നെടുമങ്ങാട് ടി.ബി.എലിമിനേഷൻ ഓഫീസർ ഡോക്ടർ മനോജ് കുമാർ എന്നിവർ മുഖ്യ പ്രഭാഷണം നടത്തി.ഡോക്ടർമാരായ മുഹമ്മദ് അഷ്റഫ്,വിനയചന്ദ്രൻ,അനിൽ.എസ്.ടി,സ്റ്റാഫ് സെക്രട്ടറി ബാലകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.നിലവിൽ ക്ഷയരോഗ നിർണ്ണയത്തിനുള്ള ട്രൂനാറ്റ് പരിശോധനയ്ക്ക് പുറമേയാണ് ഈ സംവിധാനം ആരംഭിച്ചത്.ഇതിനോടനുബന്ധിച്ചുള്ള ബൈയോ സേഫ്റ്റി മെഷീന്റെ പ്രവർത്തനോദ്ഘാടനം നെടുമങ്ങാട് ടി.ബി യൂണിറ്റിന്റെ മെഡിക്കൽ ഓഫീസർ ഡോ.മനോജ് കുമാർ നിർവഹിച്ചു.